തമിഴ്നാട്ടിൽ കനത്ത മഴ

തമിഴ്നാട്ടിൽ കനത്ത മഴ

ചെന്നൈ : കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളം കയറിയതോടെ തെക്കന്‍ തമിഴ്നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. അതാത് ജില്ലകളിലെ കളക്ടര്‍മാരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പ്രഫഷനല്‍ കോളേജുകളും സ്കൂളുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴ തുടരുന്ന തെക്കന്‍ തമിഴ്നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

കനത്ത മഴയെതുടര്‍ന്ന് തെങ്കാശിയിലെ കുറ്റാലം വെള്ളചാട്ടത്തിൽ സന്ദർശകരെ വിലക്കി.ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാദൗത്യത്തിൽ സജീവമാണ്. വെള്ളം കയറിയ താഴ്ന്ന മേഖലയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കൂടി ജില്ലകലിൽ രാവിലെ തുടങ്ങിയ കനത്ത മഴയ്ക്ക് വൈകുന്നേരമായിട്ടും   ശമനം ഇല്ല. തിരുനെൽവേലിയിലെ സർക്കാർ മെഡിക്കൽ കോളേജിലും പഴയ ബസ് സ്റ്റാൻഡിലും നഗരത്തിലെ പലവീടുകളിലും വെള്ളം കയറി. മണി മുത്താറും താമിരഭരണി നദിയും കര കവിഞ്ഞൊഴുകുകയാണ്.