ഇന്ജക്ഷന് മാറി കുത്തുന്ന നഴ്സുമാര്‍ പഠിച്ചത് വേറെ സംസ്ഥാനങ്ങളില്‍ : കെ. മുരളീധരന്
മറ്റ് സംസ്ഥാനങ്ങളിൽ പോയി പഠിച്ചിറങ്ങുന്ന നഴ്സുമാരിൽ ചിലരാണ് ഇഞ്ചക്ഷൻ മാറി കുത്തുന്ന തരത്തിലുള്ള ഗുരുതരമായ വീഴ്ചകൾ വരുത്തുന്നതെന്ന് കെ. മുരളീധരൻ. കേരളത്തിലേത് പോലെയുള്ള മികച്ച പഠന രീതികളും പരിശീലനവും അവിടെ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രശ്നപരിഹാരത്തിനായി സംസ്ഥാനത്ത് കൂടുതൽ നഴ്സിംഗ് സീറ്റുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും നിലവിലെ 100 സീറ്റുകൾ എന്നത് 200 ആയി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എം.എസ്.സി.എല്ലിൽ ഉദ്യോഗസ്ഥർ ചുമതലയേൽക്കാൻ മടിക്കുന്നതിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ഗുണനിലവാരമുള്ള മരുന്നുകൾ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണെന്നും അനാവശ്യമായ സമ്മർദ്ദങ്ങൾക്ക് വഴിപ്പെടാൻ താൻ തയ്യാറല്ലെന്നും കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തിന്റെയും ഡിവൈഎഫ്ഐയുടെയും വിമർശനങ്ങൾക്ക് ശക്തമായ ഭാഷയിലാണ് അദ്ദേഹം മറുപടി നൽകിയത്. ആരെങ്കിലും എവിടെയെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് നോക്കി നടക്കുകയാണ് ഡിവൈഎഫ്ഐ. ചികിത്സ പിഴവുണ്ടോ എന്ന് ഭൂതക്കണ്ണാടി വെച്ച് നോക്കുകയാണ്. ഏതെങ്കിലും ചാനലിലെ ബ്രേക്കിംഗ് ന്യൂസ് കണ്ട് സര്‍ക്കാര്‍ നടപടി എടുക്കില്ല. തെറ്റ് ചെയ്തവരെ സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും തെറ്റ് ചെയ്യാത്തവര്‍ക്ക് സര്‍ക്കാറിന്റെ സംരക്ഷണം ഉണ്ടാകുമെന്നും മുരളീധരന് പറഞ്ഞു.
എസ്.എം.എ മരുന്ന് വിവാദത്തിൽ പ്രതിപക്ഷ നേതാവിന്റെ കത്ത് വിലകൂടിയ മരുന്ന് നൽകാനായുള്ളതാണെന്നും പിണറായിയെപ്പോലെ എല്ലാവർക്കും വിദേശത്തുപോയി ചികിത്സിക്കാൻ കഴിയില്ലല്ലോ എന്നും അദ്ദേഹം പരിഹസിച്ചു.
യു.ഡി.എഫിലോ മന്ത്രിസഭയിലോ നിലവിൽ യാതൊരുവിധ ഭിന്നതകളുമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായ ഒരു ടീമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തൻ്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രി കൃത്യമായ ആലോചനകൾ നടത്താറുണ്ട്. അടൂർ പ്രകാശ് പാർട്ടിയുടെ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും മുന്നണിയിലെയും പാർട്ടിയിലെയും ചർച്ചകളും കൂടിയാലോചനകളും ഭംഗിയായി മുന്നോട്ടുപോകുന്നുണ്ടെന്നും കെ. മുരളീധരൻ അറിയിച്ചു.