അച്‌ഛനെപ്പോലെ  ഒരാൾ: കഥ,  മിനി സുരേഷ്

അച്‌ഛനെപ്പോലെ  ഒരാൾ: കഥ,  മിനി സുരേഷ്


   
                     മിനി സുരേഷ്

 

  രാവിലെ ഉണർന്നപ്പോൾ മുതൽ സുജാതക്ക് പറഞ്ഞറിയിക്കുവാൻ പറ്റാത്ത എന്തൊക്കെയോ വിഷമതകളായിരുന്നു. എന്താണെന്നറിയില്ല. ആകെയൊരു അസ്വസ്ഥത. " നിനക്കിതെന്തു പറ്റീ,രാവിലെ മുതൽ മൂഡോഫാണല്ലോ? സുഖമില്ലെങ്കിൽ ഇത്തിരി നേരം പോയി കിടക്ക്, പിറുപിറുത്തോണ്ട് നടക്കാതെ.''
ഭർത്താവ് ശശീന്ദ്രൻ ശല്യം  സഹിക്കാനാവാതെ ഇടക്ക് കയറി പറഞ്ഞു.
"എന്താണ് തനിക്ക് പറ്റിയത് " സുജാത സ്വയം ചോദിച്ചു. രണ്ടു മൂന്നു ദിവസമായി
മരിച്ചു പോയ അച്ഛനെ സ്വപ്നം കാണുന്നു.
അച്ഛന്റെ മുഖം ആകെ സങ്കടത്തിലാണ്. ആ ഒരു വിഷമവും മനസ്സിലുള്ളത് മൂഡോഫിന് ഒരു കാരണമാണ്.
  ഒരു തരത്തിലാണ് വീട്ടു ജോലികളൊക്കെ ഒതുക്കിയത്. എല്ലാം കഴിഞ്ഞൊന്ന് കിടക്കാനൊരുങ്ങുമ്പോഴാണ് ഫോൺ വന്നത്.
"സുജാതയുടെ നമ്പരല്ലേ ഇത്"
"ആ, അതേ"
" സ്നേഹഭവനിൽ നിന്നാണ്, നിങ്ങളിവിടെ കൊണ്ടാക്കിയ പൗലോസ് കുറച്ചു മുൻപേ മരിച്ചു.
കൊറോണക്കാലമായതിനാൽ അധിക സമയം ബോഡി ഞങ്ങൾ വച്ചു കൊണ്ടിരിക്കുന്നില്ല.
രാവിലെ തന്നെ വൈദ്യുത ശ്മശാനത്തിൽ അടക്കുകയാണ്."  മറുതലക്കൽ നിന്നുള്ള
വാർത്ത കേട്ടതേ ഞെട്ടിപ്പോയി.

" ഭഗവാനേ..അതായിരുന്നോ, അതായിരുന്നോ തനിക്ക്  ഇന്ന് വല്ലാത്ത അസ്വാസ്ഥ്യങ്ങൾ. അവൾ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് കട്ടിലിലേക്കിരുന്നു. എന്നാലും ആരായിരുന്നു
അയാൾ? പരലോകത്തേക്ക് മടങ്ങിപ്പോയ അച്ഛന് വേണ്ടി ബാക്കി വച്ച കർമ്മങ്ങൾ പൂർത്തീകരിക്കുവാൻ ഈശ്വരൻ ഒരാളെ കൂടി തന്റെയടുത്തേക്ക്അയച്ചതായിരിക്കുമോ, അദ്ദേഹത്തിന്റെ രൂപത്തിൽ?അവൾക്ക് കരച്ചിലടക്കുവാൻ കഴിഞ്ഞില്ല.
"നീ വിഷമിക്കാതെ, നമ്മളെക്കൊണ്ടു ചെയ്യാവുന്നതു പരമാവധി ചെയ്തില്ലേ. അങ്ങനെ സമാധാനിക്ക്. ഭർത്താവ് ബധിരയെപ്പോലെയിരിക്കുന്ന അവളെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു
കൊണ്ടേയിരുന്നു.
"നമ്മൾക്ക് ഇവിടെ നിർത്തി നോക്കായിരുന്നു,അവിടെ കൊണ്ടാക്കീട്ട് ഒരു മാസം പോലുമായില്ല" മെല്ലെ അവൾ പറഞ്ഞതുകേട്ട് അയാൾക്ക് കലി വന്നു.
"ഭ്രാന്തു പറയാതെ ഒന്നു കിടന്നുറങ്ങാൻ നോക്ക്,
ആരാ ഏതാന്നറിയാത്തോരെ വീട്ടിൽ കേറ്റി താമസിപ്പിക്കുന്നത് എവിടേലും നടക്കുന്ന കാര്യമാണോ. നിന്റെ അച്ഛനെ കൊണ്ടുള്ള പുകിലൊന്നും മറന്നിട്ടില്ല ഞാൻ, ഓർമ്മയില്ലാതെ അച്ഛൻ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത്,വീടു മുഴുവനും മൂത്രമൊഴിച്ചും,വിസർജ്ജിച്ചും വൃത്തികേടാക്കുക. പൈസയും സാധനങ്ങളും എടുത്തു ഒളിച്ചു വച്ചിട്ട്  'മരുമകൻ എടുത്തു മാറ്റിയതാണ്' എന്ന് നിന്റെ എത്ര ബന്ധുക്കളോടാണ് ഫോൺ വിളിച്ചു പറഞ്ഞിട്ടുള്ളത്. പോരാത്തതിന് എന്റെ ഓഫീസിലുള്ള കൂട്ടുകാർ ഇവിടെ വന്നപ്പോൾ'നമ്മൾ ഭക്ഷണമൊന്നും കൊടുക്കുന്നില്ലെന്ന്'
പറഞ്ഞു കളഞ്ഞില്ലേ,അതാണ് തീരെ സഹിക്കുവാൻ പറ്റാതെ വന്നത്. രണ്ടാം ശൈശവം തന്നെയാണ് വാർദ്ധക്യം എന്നു മനസ്സിലാക്കുവാനുള്ള സാമാന്യബോധമൊക്കെ എനിക്കുണ്ടായിരുന്നതുകൊണ്ട് നമ്മൾതമ്മിൽ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ഇതളറ്റു വീഴുന്ന പഴുത്ത ഇലകളുടെ വേദന പച്ച ഇലകളായ
മക്കൾ മനസ്സിലാക്കേണ്ടതാണ്. അതു നിന്റെസ്വന്തം അച്ഛനായിരുന്നു. ഇത് ഊരും
പേരും ഏതെന്ന് അറിയാത്ത ആരോ ഒരാൾ. ഇത്ര നാളും ഞാൻ എതിരൊന്നും
പറയാഞ്ഞത് നിന്റെ അച്ഛനെപ്പോലെ ഒരാളല്ലേ എന്നു കരുതി മാത്രമാണ്. ഭാഗ്യത്തിന് കേസും, കൂട്ടവും ഒന്നും വന്നില്ല.
ശശീന്ദ്രനു ശുണ്ഠി വരുന്നതു കണ്ട് അവൾ വേഗം ലൈറ്റണച്ചു കിടന്നു. അദ്ദേഹത്തെ കുറ്റം പറയാനാവില്ല. തന്റെ അച്ഛന്റെ ഓർമ്മക്കുറവുമൂലം ഒരുപാടു ബുദ്ധിമുട്ടിയിട്ടുണ്ട്.
 ഭഗവാനേ ..ആ പാവം അപ്പച്ചനു മക്കളോ  സ്വന്തക്കാരോ ഉണ്ടോ എന്നെനിക്കറിയില്ല. അവരുടെ പ്രാർത്ഥനകളും എന്താന്ന് അറിയില്ല .അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി കൊടുക്കണേ..
 ഇത്തിരി നേരം ഉറങ്ങാൻ കഴിഞ്ഞെങ്കിൽ എന്നാശിച്ച് അവൾ കുറെ നേരം കണ്ണടച്ച് കിടന്നു. ആകെ ഒരശാന്തി മനസ്സിനെ ഗ്രസിച്ചിരിക്കുന്നു. സ്വന്തം പിതാവ് മരിച്ചു കിടക്കുമ്പോൾ ഒരു മകൾക്കും ഉറങ്ങുവാൻ സാധിക്കില്ലല്ലോ. അതു പോലെ ഇതും ജന്മജന്മാന്തരങ്ങൾക്കപ്പുറത്തെ ബന്ധമായിരിന്നിരിക്കണം,അവളോർത്തു.

  മുറ്റം നിറയെ മാവിന്റെ തളിരിലകൾ നിറഞ്ഞു കിടന്നിരുന്ന ഒരു പ്രഭാതത്തിലാണ് ആ അപ്പച്ചനിവിടെ കയറി വന്നത്. താനന്ന് രാവിലെ മുറ്റം അടിച്ചു വാരുകയായിരുന്നു.
  ഒരറ്റം തൊട്ട് അടിച്ചുകൂട്ടി മാറ്റുമ്പോൾ വാശി തീർക്കാനെന്ന പോലെ
മാവ് തളിരിലകൾ യഥേഷ്ടം വർഷിച്ചു കൊണ്ടേയിരുന്നു. ഒരു വിധത്തിൽ അടിച്ചുവാരി ചൂലു തിരികെ വച്ച് ഉമ്മറത്തേക്കു വന്നപ്പോഴാണ് ലുങ്കിയും,ടീഷർട്ടുമിട്ടൊരാൾ പടി കടന്നു വരുന്നതു കണ്ടത്. എഴുപത്തി അഞ്ചിനു മേൽ പ്രായം തോന്നിക്കുന്നുണ്ട്. അവൾക്ക് നേരിയ ഭയം തോന്നി വീടിനു മുൻപിലുള്ള ഇടവഴിയിലെങ്ങും ആരെയും കാണാനില്ല. എങ്ങും  കനത്ത നിശ്ശബ്ദത തളം കെട്ടി നിൽക്കുന്നു.
'കള്ളനോ മറ്റോ ആകുമോ'കഴുത്തിൽ കിടന്ന മാലയിൽ അവൾ ഇറുക്കെ പിടിച്ചു.  
ശശീന്ദ്രൻ ചേട്ടൻ നല്ല ഉറക്കമാണ്.
"അപ്പച്ചാ.....പൊയ്ക്കോ..പേടി കാണിക്കാതെ അവൾ വിളിച്ചു പറഞ്ഞു.
മറുപടി പറയാതെ പെട്ടെന്നയാളവിടെ കുഴഞ്ഞുവീണു. ആശ്രയം യാചിക്കുന്ന മിഴികൾ. സഹായത്തിനായി കേഴുന്ന കരങ്ങൾ. സുജാതയുടെ മനസ്സിലൂടെ പെട്ടെന്ന്മരിച്ചു പോയ അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ മിന്നിമറഞ്ഞു പോയി. എന്നും വൈകി ട്ട്ജോലി കഴിഞ്ഞ് 'സുജമോളേ' എന്നു വിളിച്ചുകൊണ്ടോടി വന്നെടുക്കുന്ന തന്റെ അച്ഛൻ.
മിഠായിപ്പൊതി കയ്യിൽ തന്നിട്ട് വാത്സല്യത്തോടെ തലോടുന്ന,കുസൃതികളിൽ തനിക്കൊപ്പം കൂട്ടു കൂടി ചിരിപ്പിക്കുന്ന സ്നേഹനിധി.പെട്ടെന്ന് ബാല്യത്തിന്റെപടിവാതിലോളം അവളുടെ ഓർമ്മകൾ തെന്നിനീങ്ങി. കൗമാരക്കാരിയുടെ ചിന്തകൾ വഴി മാറിപ്പോകാതെ നല്ല പുസ്തകങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട് കരുത്തും കരുതലും പകർന്നു തന്നിട്ടുണ്ട്.
വൈകുവോളം ഉറക്കമിളച്ചു പഠിക്കുവാൻ കൂട്ടിരുന്ന് മകളെ ഒരു ഉദ്യോഗസ്ഥയാക്കുവാനും,
ചിട്ടി പിടിച്ചും, കടം വാങ്ങിയും ഒക്കെ തന്നെ വിവാഹം കഴിപ്പിച്ച് അയക്കാനുമൊക്കെ എത്ര
മാത്രം ബുദ്ധിമുട്ടിയിരിക്കുന്നു. ഭർതൃ ഗൃഹത്തിലേക്ക് യാത്രയാകുവാനൊരുങ്ങുന്ന  സമയം കെട്ടിപ്പിടിച്ച് അച്ഛൻ പൊട്ടിക്കരഞ്ഞത്  ഇന്നും നൊമ്പരത്തോടെ മാത്രമേ ഓർക്കുവാൻ
കഴിയുകയുള്ളൂ. മാതാപിതാക്കളോട് ചെയ്യേണ്ട കടമകൾക്ക് മക്കൾ പലപ്പോഴും വിമുഖത കാണിക്കും. പക്ഷേ കിളിക്കുഞ്ഞുങ്ങളെ പറക്കമുറ്റിച്ച്  പറത്തി വിടുന്നതിന്റെ കണക്കുകളൊന്നും ഒരു പക്ഷികളും സൂക്ഷിക്കാറില്ലല്ലോ. എന്നിട്ടും ഓർമ്മക്കേടു വന്ന് അച്ഛൻ ഓരോന്നും ചെയ്യുമ്പോൾ ചിലപ്പോഴൊക്കെ അറിയാതെ ദേഷ്യപ്പെട്ടിട്ടുണ്ട്,ശപിച്ചു പോയിട്ടുണ്ട്. കൊച്ചു കുഞ്ഞായിരുന്നപ്പോൾ തന്റെ മലവും,മൂത്രവും അച്ഛൻ അറപ്പൊന്നും കൂടാതെ എത്ര പ്രാവശ്യം എടുത്തു കളഞ്ഞിട്ടുണ്ടാവും.
 അച്ഛന്റെ മരണശേഷം ഒരു പാട് കുറ്റബോധം തോന്നിയിട്ടുണ്ട്. കുറച്ചു കൂടി സ്നേഹമായി
പരിചരിക്കാമായിരുന്നു എന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്. മാപ്പിരന്നു കൊണ്ട് ഒരു പാടുതവണ പ്രാർത്ഥിച്ചിട്ടുണ്ട്. അതായിരിക്കും ഈശ്വരൻ അതു പോലെയുള്ള ഒരാളെ വീണ്ടും തന്റെ മുന്നിലെത്തിച്ചത്.
അവളോടിച്ചെന്ന്ഒരു തരത്തിലദ്ദേഹത്തെ ഇളംതിണ്ണയിൽ വലിച്ചിരുത്തി .അകത്തേക്കോടി ചെന്ന് ശശീന്ദ്രനെ കുലുക്കിയുണർത്തി. ഓർമ്മകൾ മാഞ്ഞു പോകുന്ന ഓളപ്പരപ്പിൽ നിന്നും
അദ്ദേഹത്തിന്റെ പൗലോസ് എന്നുള്ള പേര് ഒന്ന് പരതിയെടുക്കുവാൻ ശശീന്ദ്രന് ഏറെ പണിപ്പെടേണ്ടി വന്നു.
 ഇതിനിടയിൽ സുജാത വാർഡ് കൗൺസിലറെ വിവരമറിയിക്കുകയും.ആഗതന്റെ ഫോട്ടോ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു..നൊടിയിടനേരം കൊണ്ട് വീടും ,പരിസരവും ജനസമുദ്രമായി.
"ഏതോ ആശുപത്രിയിൽ നിന്നും ഓർമ്മയില്ലാതെ ഇറങ്ങി പോന്നതാണെന്നു തോന്നുന്നു. മരുന്നിന്റെ നല്ല മണമുണ്ട്"
"അല്ലല്ല മക്കളുപേക്ഷിച്ചു വഴിയിൽ തള്ളിയതായിരിക്കും"
  കാഴ്ചക്കാരിൽ നിന്നും പല തരം അഭിപ്രായങ്ങൾ നിമിഷനേരം കൊണ്ടുയർന്നു.
"പോലീസ് ഉടനെയെത്തും " കൗൺസിലർ സജീവമായി രംഗത്തുണ്ടായിരുന്നു.
" മോളേ, എന്നെ പറഞ്ഞു വിടല്ലേ. അവരു തല്ലും. എന്റെ കയ്യിലെ പൈസയെല്ലാം തട്ടിപ്പറിച്ചെടുക്കും"
ഇതിനിടയിൽ ഒരു ദോശ കൊച്ചു കുഞ്ഞിനു കൊടുക്കുന്നതു പോലെ സുജാത വൃദ്ധന്റെ
വായിൽ വച്ചു കൊടുത്തു.
"നല്ല പരവേശം ഉണ്ട് . ഭക്ഷണം കഴിക്കാത്തതിന്റെ തളർച്ച കാണും" കാഴ്ചക്കാരിലൊരാൾ സഹതാപം പ്രകടിപ്പിച്ചു.
ഇതിനിടയിൽ  പോലീസും എത്തി. അവരെത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും വൃദ്ധനിൽ നിന്നും കൂടുതലായി ഒന്നും അറിയുവാൻ സാധിച്ചില്ല.
"ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാം, ഞങ്ങൾ ബന്ധുക്കളെ കണ്ടെത്താമോ എന്നു ശ്രമിക്കട്ടെ.'',
എ.എസ്.ഐക്കു പോകുവാൻ തിടുക്കം.
" അങ്ങനെ ഒറ്റക്കവിടെ ആക്കാൻ ഞാൻ സമ്മതിക്കില്ല സർ"സുജാതഉറപ്പിച്ചു പറഞ്ഞു.
ശശീന്ദ്രൻ കണ്ണു മിഴിച്ച് അവളെ നോക്കി.
"മോളെ,എന്നെ പറഞ്ഞു വിടല്ലേ, അവരു കൊല്ലും"
വൃദ്ധൻ കേണു കൊണ്ടിരുന്നു.
വുദ്ധനെ സ്നേഹഭവനിൽ എത്തിക്കാമെന്ന ആശയം ശശീന്ദ്രൻ തന്നെയാണ് മുന്നോട്ട് വച്ചത്..
'ബന്ധുക്കളെ കണ്ടു കിട്ടുന്നതു വരെ ഇവിടെ താമസിപ്പിക്കാം' എന്നു അവൾ പറഞ്ഞെങ്കിലോ എന്നയാൾ വല്ലാതെ ഭയപ്പെട്ടു.

സുജാത പോകുമായിരുന്നു വൈകുന്നേരങ്ങളിൽ നാലുമണിപ്പലഹാരത്തിന്റെ ഒരു പങ്കുമായി. അവൾ ചെല്ലുന്നതും കാത്ത് സ്നേഹഭവന്റെ വരാന്തയിൽ അയാളിരിക്കുമായിരുന്നു.
ചിതറിപ്പോയ  ഓർമ്മത്തുണ്ടുകൾക്കിടയിൽ പരതി അയാൾ പറഞ്ഞ കഥകളിൽ നിന്നും ആയുസ്സിന്റെ നല്ലൊരു പങ്കു മണലാരണ്യത്തിൽ കിടന്നു പൊരിഞ്ഞുസമ്പാദിച്ച വ്യഥകളും,ജീവിതത്തിന്റെ സാഹായ്നവേളയിൽ ആ പണമെല്ലാം തന്ത്രപൂർവ്വം കൈക്കലാക്കിയ ബന്ധുക്കളുടെ നിഴൽ ചിത്രവും അവൾക്കു മുന്നിൽ തെളിഞ്ഞു.

അത്രയും നാളുകൾ കഴിഞ്ഞിട്ടും അദ്ദേഹത്തെ അന്വേഷിച്ചു ആരും വന്നതുമില്ല.
 അവൾ വീട്ടിലേക്കു മടങ്ങാനൊരുങ്ങുമ്പോൾ ഒരു കൊച്ചു കുട്ടിയെപ്പോലെ എന്നും അയാൾ വാശി പിടിച്ചു കരയും. അയാളെ ആശ്വസിപ്പിക്കാനാവാതെ അവളും വിഷമിക്കും.
"ചേച്ചി ഇനിയും ഇങ്ങനെ കാണുവാൻ വന്നാൽ പുള്ളിക്കാരൻ ഇവിടെ അഡ്ജസ്റ്റ് ചെയ്യത്തില്ല കേട്ടോ,എന്നും വരാതിരിക്കുന്നതാണ് നല്ലത്. സ്നേഹഭവന്റെ സൂപ്രണ്ട് തടസ്സം പറഞ്ഞുവെങ്കിലും ഇടക്കൊക്കെ അവളവിടെ പോകുമായിരുന്നു. കൊറോണ താഴിട്ടു വിലക്കുന്നതു വരെ. പുറത്തു നിന്നുള്ളവർക്ക് സ്നേഹഭവനിലേക്ക് സന്ദർശനം വിലക്കിയതോടെ അതും സാധിക്കാതെ ആയി.അന്വേഷണങ്ങൾ ഫോൺ വിളികളിലുമൊതുങ്ങി.എന്നും അയാൾ അവളേയും കാത്ത് വരാന്തയിലിരിക്കുന്നുണ്ടെന്ന് സൂപ്രണ്ട്പറയുമ്പോൾ വല്ലാത്തൊരു പിടച്ചിൽ നെഞ്ചിനുള്ളിലേക്ക് വന്ന് ആർത്ത് തിരയടിക്കുമായിരുന്നവൾക്ക്.
 
    സുജാത പ്രാർത്ഥനയിലും, ഉപവാസത്തിലും തന്നെയായിരുന്നു പിറ്റേ ദിവസം.
ഏതോ ജന്മത്തെ കടം തീർക്കുവാനെത്തിയ സ്വന്തം പിതാവു തന്നെയായിരുന്നു അദ്ദേഹം എന്നു തോന്നിപ്പോകുന്നു. ജാതിയുടെയോ, മതത്തിന്റെയോ വേലിക്കെട്ടുകളില്ലാത്ത സ്നേഹബന്ധം. ചില ബന്ധങ്ങളങ്ങനെയാണ് ആരെന്നോ,എന്തിനെന്നോ
അറിയാതെ ജീവിത വഴിത്താരകൾക്കിടയിലെ ചില കണ്ടു മുട്ടലുകൾ.
  അവൾക്ക് നേരിയ ഒരാശ്വാസം തോന്നി. ഒരുപാടു നൊമ്പരങ്ങളുടെ ലോകത്തു നിന്ന് കൂടുതൽ അസുഖങ്ങളുമായി കിടന്ന് കഷ്ടപ്പെടാതെ ആ ആത്മാവ് പറന്നു പോയല്ലോ എന്നൊരാശ്വാസം.