ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു: തിരുത്തലുകൾ വരുത്തും, ജനങ്ങളോടുള്ള ബന്ധം കൂടുതൽ ശക്തമാക്കും; പിണറായി വിജയൻ

May 7, 2026 - 12:02
 0  4
ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു: തിരുത്തലുകൾ വരുത്തും, ജനങ്ങളോടുള്ള ബന്ധം കൂടുതൽ ശക്തമാക്കും;  പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് പിണറായി വിജയൻ . ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്ലാവിധ എതിർപ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും ഇടയിലും എൽഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു. മൂന്നാംവട്ടം തുടർച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് പിണറായി പറഞ്ഞു.

എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്. ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയിൽ വീണ്ടെടുക്കാനും കൂടുതൽ ശക്തമായി മുന്നോട്ട് പോകാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കഴിഞ്ഞ 10 വർഷങ്ങളിലുടനീളം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നത് നിസ്സംശയമാണ്. അവ നിലച്ചുപോകാതിരിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ശക്തമായ ജനജാഗ്രത തുടർന്നും ഉണ്ടാകേണ്ടതുണ്ട്.

നവകേരള നിർമാണത്തിനായി എൽഡിഎഫ് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ — വിജ്ഞാന സമ്പദ്‌വ്യവസ്ഥ, യുവജന തൊഴിൽ, സാമൂഹ്യനീതി, പൊതുആരോഗ്യവും വിദ്യാഭ്യാസവും — ഇവയെല്ലാം ഇനി മുന്നോട്ടുപോകുമെന്ന് ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ ഉറപ്പാക്കും. അതിദാരിദ്ര്യ നിർമാർജനവും സ്ത്രീശക്തീകരണവും സാമൂഹ്യസുരക്ഷയും ഉൾപ്പെടെയുള്ള മേഖലകളിൽ ഞങ്ങൾ മുന്നോട്ടുവെച്ച നയങ്ങൾ ജനങ്ങൾക്ക് ആവശ്യമായവയാണ്. അവ നടപ്പിലാക്കുന്നതിനായി പുതിയ സർക്കാരിന്മേൽ ജനാധിപത്യ സമ്മർദ്ദം ചെലുത്തും.പിണറായി പറഞ്ഞു.