ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയ പതാക മതി; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

Jun 27, 2025 - 17:55
 0  8
ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയ പതാക  മതി; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: രാജ്ഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക ചടങ്ങുകളില്‍ ഭാരതത്തിന്റെ ദേശീയ ചിഹ്നങ്ങളും ദേശീയ പതാകയുമല്ലാതെ മറ്റൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവര്‍ണറോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി. മന്ത്രിസഭാ തീരുമാനപ്രകാരം മുഖ്യമന്ത്രി നല്‍കിയ കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മന്ത്രിസഭ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. ഭാരതാംബയുടെ മഹത്വവും രാജ്ഭവനിലെ ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോയ മന്ത്രി വി ശിവന്‍കുട്ടിയുടെ നടപടിക്കെതിരെ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു

സ്വതന്ത്ര ഇന്ത്യയില്‍ ദേശീയ പതാകയും ദേശീയ ചിഹ്നവും ഉയര്‍ന്നുവന്ന പശ്ചാത്തലവും ഇന്ത്യയുടെ ദേശീയ പതാക എന്തായിരിക്കണമെന്ന പ്രമേയം സംബന്ധിച്ച് ഭരണഘടനാ അസംബ്ലിയില്‍ നടന്ന ചര്‍ച്ചകളും പരാമര്‍ശിച്ചാണ് മന്ത്രിസഭ ഗവര്‍ണര്‍ക്ക് കത്തയച്ചത്. ഭാരതത്തിന്റെ ദേശീയപതാക എങ്ങനെ ആയിരിക്കണമെന്ന ചര്‍ച്ച ഭരണഘടനാ അസംബ്ലിയില്‍ നടന്നപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗവും കത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.