സ്വയംഭരണ കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ തുടങ്ങാം: സർക്കാരിന്റെ മുൻകൂർ എൻ.ഒ.സി വേണ്ട; നയം വ്യക്തമാക്കി മന്ത്രി
കൊച്ചി: എയ്ഡഡ്, സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ സർക്കാർ അനുമതിയില്ലാതെ യഥേഷ്ടം സ്വാശ്രയ കോഴ്സുകൾ തുടങ്ങാൻ വഴിയൊരുക്കിയ ഉത്തരവിൽ നയം വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്സുകൾ തുടങ്ങാൻ സർക്കാരിന്റെ അനുമതി വാങ്ങേണ്ട സാഹചര്യം കേരളത്തിൽ മാത്രമാണുള്ളതെന്നും, ഇത് കോഴ്സുകൾ ആരംഭിക്കുന്നതിൽ വലിയ കാലതാമസത്തിന് കാരണമാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
സർക്കാർ അനുമതി നിർബന്ധമാക്കുന്നത് സർവ്വകലാശാലകളുടെ അക്കാദമിക് തത്വത്തെ തന്നെ അട്ടിമറിക്കുന്ന നടപടിയാണ്. അതിനാലാണ് സർക്കാരിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന് പകരം യൂണിവേഴ്സിറ്റിയുടെ അനുമതി മാത്രം മതിയെന്ന് തീരുമാനിച്ചത്. അക്കാദമിക് ഓട്ടോണമി പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.
സർക്കാരിന് യാതൊരു വിധ സാമ്പത്തിക ബാധ്യതയുമില്ലാത്ത കോഴ്സുകൾ ആരംഭിക്കുന്നതിൽ എന്ത് അഴിമതി നടക്കാനാണെന്നും, മുമ്പ് അഴിമതി നടത്തി ശീലമുള്ളതുകൊണ്ടാണ് ചിലർക്ക് അങ്ങനെ തോന്നുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയായി മന്ത്രി ആഞ്ഞടിച്ചു.
സർക്കാർ, എയ്ഡഡ് കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് വ്യക്തമാക്കിയ മന്ത്രി, പുതിയ ഉത്തരവ് സർക്കാർ കോളേജുകൾക്ക് ബാധകമല്ലെന്നും കൂട്ടിച്ചേർത്തു. അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിലാണ് കോളേജുകൾക്ക് യു.ജി.സി ഗൈഡ് ലൈൻ അനുസരിച്ച് ഓട്ടോണമി പദവി നൽകുന്നത്. ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ പുറത്തുപോകുന്നത് തടഞ്ഞ് സംസ്ഥാനത്ത് തന്നെ പിടിച്ചുനിർത്തുകയാണ് ലക്ഷ്യം.
പരമ്പരാഗത കോഴ്സുകൾ റീസ്ട്രക്ചർ ചെയ്യുന്നതോടെ വിദ്യാർത്ഥികൾക്ക് കൂടുതൽ താൽപ്പര്യമുണ്ടാകും. മെറിറ്റ് സീറ്റുകളിലും സംവരണ തത്വങ്ങളിലും യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മന്ത്രി റോജി എം. ജോൺ ഉറപ്പുനൽകി.
നേരത്തെ, സ്വയംഭരണ മാനേജ്മെന്റുകൾക്ക് പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാൻ സർക്കാരിന്റെ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കിക്കൊണ്ടാണ് ഉത്തരവിറങ്ങിയത്.