ലഹരി മാഫിയയെ പിടിച്ചുകുലുക്കി ‘ഓപ്പറേഷൻ തൂഫാൻ’: അറസ്റ്റ് പതിനായിരം കടന്നു

Aug 20, 2026 - 17:15
 0  5
ലഹരി മാഫിയയെ പിടിച്ചുകുലുക്കി ‘ഓപ്പറേഷൻ തൂഫാൻ’: അറസ്റ്റ് പതിനായിരം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയുടെ വേരറുക്കാൻ കേരള പോലീസ് നടത്തുന്ന ശക്തമായ നടപടിയായ ‘ഓപ്പറേഷൻ തൂഫാൻ’ വൻ വിജയത്തിലേക്ക്. സംസ്ഥാന വ്യാപകമായി നടക്കുന്ന മിന്നൽ പരിശോധനകളിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞ ദിവസം മാത്രം 74 പേർ കൂടി പിടിയിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി ഉയർന്നു. ഇതുവരെ 9,280 കേസുകളാണ് ലഹരി വിൽപനയുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ലഹരി ശൃംഖലകളിൽ നിന്ന് വൻ തോതിലുള്ള മയക്കുമരുന്നുകളാണ് പോലീസ് പിടിച്ചെടുത്തിട്ടുള്ളത്. പരിശോധനകളുടെ ഭാഗമായി 8,289 ഗ്രാം (8 കിലോയിലധികം) എം.ഡി.എം.എ, 1,004 കിലോയിലധികം കഞ്ചാവ്, 2,382 കഞ്ചാവ് ചെടികൾ എന്നിവ ഇതിനകം കസ്റ്റഡിയിലെടുത്തു. കണക്കുകൾ പ്രകാരം കോഴിക്കോട് സിറ്റിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ (929) രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലായത് മലപ്പുറത്താണ് (999 പേർ). 875 കേസുകളുമായി മലപ്പുറം രണ്ടാം സ്ഥാനത്തുണ്ട്. കൊച്ചി സിറ്റി, പാലക്കാട് പോലീസ് ജില്ലകളിൽ 700-ലധികം കേസുകൾ വീതം റിപ്പോർട്ട് ചെയ്തപ്പോൾ കണ്ണൂർ റൂറലിലാണ് ഏറ്റവും കുറവ് കേസുകൾ (137 കേസുകൾ, 139 അറസ്റ്റ്).

കഴിഞ്ഞ ദിവസത്തെ പരിശോധനകളിൽ ചെറിയ അളവിലും വലിയ അളവിലും ലഹരി കൈവശം വെച്ചവർക്കെതിരെയും എൻ.ഡി.പി.എസ്, കോട്പ നിയമങ്ങൾ പ്രകാരവും നിരവധി കേസുകൾ ചുമത്തി. ഇവരിൽ നിന്ന് 47 ഗ്രാമോളം എം.ഡി.എം.എയും 25 കിലോ കഞ്ചാവും 501 കഞ്ചാവ് ചെടികളും വീണ്ടും കണ്ടെടുത്തു.

ലഹരി നിർമാർജനത്തിനായി കർശന നിയമനടപടികൾക്കൊപ്പം വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങളും പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്