"മകന്‍ തെറ്റുകാരനെങ്കില്‍ തൂക്കിക്കൊന്നോളൂ"; പാര്‍ലമെന്റില്‍ അതിക്രമിച്ചുകടന്ന പ്രതിയുടെ അച്ഛന്‍

"മകന്‍ തെറ്റുകാരനെങ്കില്‍ തൂക്കിക്കൊന്നോളൂ"; പാര്‍ലമെന്റില്‍ അതിക്രമിച്ചുകടന്ന പ്രതിയുടെ അച്ഛന്‍

പാര്‍ലമെന്റില്‍ അതിക്രമിച്ചുകടന്ന് മനോരഞ്ജനും സുഹൃത്തും സ്‌മോക്ക് ഗണ്‍ പ്രയോഗിച്ച സംഭവത്തില്‍ പ്രതികരണവുമായി മനോരഞ്ജന്റെ പിതാവ് ദേവരാജ ഗൗഡ. തന്റെ മകന്‍ തെറ്റുകാരനെങ്കില്‍ തൂക്കിക്കൊന്നോളൂ എന്ന് തൊഴുകൈകളോടെ അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ കര്‍ഷക കുടുംബത്തില്‍നിന്നുള്ളവരാണ്. എന്റെ മകന്‍ നല്ലവനാണ്. സത്യസന്ധനും വിശ്വസ്തനുമാണ്. സമൂഹത്തിനുവേണ്ടി നല്ലതു ചെയ്യണമെന്നും ത്യാഗം ചെയ്യണമെന്നും മാത്രമായിരുന്നു അവന്റെ ആഗ്രഹം. ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ല. നന്നായി പുസ്തകങ്ങള്‍ വായിക്കുന്ന കൂട്ടത്തിലാണ്. സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങള്‍ പതിവായി വായിക്കാറുണ്ടായിരുന്നു.

ഈ പുസ്തകങ്ങള്‍ വായിച്ചാണ് അവന് ഇത്തരം ചിന്ത രൂപപ്പെട്ടതെന്ന് ഞാന്‍ സംശയിക്കുന്നു. ഇപ്പോഴവന്റെ മനസ്സിലെന്താണെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. അവന്‍ നല്ലതാണ് ചെയ്തതെങ്കില്‍ അത് അംഗീകരിക്കാം. എന്നാല്‍, തെറ്റാണ് ചെയ്തതെങ്കില്‍ അവനെ തൂക്കിക്കൊന്നോളൂ. തെറ്റുകാരനാണെങ്കില്‍ അവനെന്റെ മകനല്ല -അദ്ദേഹം പറഞ്ഞു.

അതേസമയം പാര്‍ലമെന്റില്‍ അതിക്രമം നടത്തിയ പ്രതികളെ ഇന്നും വിവിധ സര്‍ക്കാര്‍ ഏജൻസികള്‍ ചോദ്യം ചെയ്യും. അതിക്രമത്തിനും പ്രതിഷേധത്തിനും കാരണം സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പെന്നും പ്രതികള്‍ അറിയിച്ചു. ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നല്‍കാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും പ്രതികള്‍ വ്യക്തമാക്കി.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രതികള്‍ ജനുവരി മുതല്‍ തന്നെ പ്രതിഷേധിക്കാനുള്ള തീരുമാനത്തിനായി ആലോചന നടത്തിയിരുന്നു. അതേസമയം സംഘത്തിലെ അംഗമായ ലളിത് ഝായ്ക്കായി ദില്ലി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.