മണിപ്പൂരില്‍ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി പ്രഖ്യാപിച്ചു

മണിപ്പൂരില്‍ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി  പ്രഖ്യാപിച്ചു

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ മണിപ്പൂരില്‍ ഈസ്റ്ററിനും ദുഃഖ വെള്ളിക്കും അവധി പ്രഖ്യാപിച്ചു.

നേരത്തെ ഈസ്റ്റർ, ദുഃഖ വെള്ളി ദിനങ്ങള്‍ പ്രവർത്തി ദിനമാക്കിയ മണിപ്പൂർ ഗവർണർ അനസൂയ ഉയ്‌കെയുടെ നടപടി വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയിരുന്നത്.

ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന് വിവാദ ഉത്തരവ് പരിഷ്കരിച്ച ഗവർണർ ഉത്തരവ് പിൻവലിച്ച്‌ അവധി പ്രഖ്യാപിക്കുകയായിരുന്നു. മാർച്ച്‌ മാസം സാമ്ബത്തിക വർഷത്തിന്റെ അവസാന ദിനങ്ങള്‍ ആയതു കൊണ്ടാണ് പ്രവർത്തി ദിനങ്ങള്‍ ആക്കുന്നത് എന്നായിരുന്നു നേരത്തെ പുറത്തിറക്കിയ ഉത്തരവില്‍ ഗവർണർ പറഞ്ഞിരുന്നത്.

ഈസ്റ്റർ, ദുഃഖ വെള്ളി ദിനങ്ങള്‍ പ്രവർത്തി ദിനം ആക്കിയ ഉത്തരവിനെതിരെ കുക്കി സംഘടനകളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ആവശ്യപ്പെടുകയും ചെയ്തിരുന്നു.