നെടുമങ്ങാട്ട് ഒന്നര വയസുകാരന്റെ മരണം, കുഞ്ഞ് ക്രൂരമർദനത്തിനിരയായെന്ന് സ്ഥിരീകരണം; അമ്മയും രണ്ടാനച്ഛനും കസ്റ്റഡിയിൽ

May 31, 2026 - 12:53
May 31, 2026 - 13:03
 0  6
നെടുമങ്ങാട്ട്  ഒന്നര വയസുകാരന്റെ  മരണം, കുഞ്ഞ്   ക്രൂരമർദനത്തിനിരയായെന്ന് സ്ഥിരീകരണം; അമ്മയും രണ്ടാനച്ഛനും  കസ്റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുഞ്ഞിനെ അമ്മയുടെ പങ്കാളി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മ അഖിലയെയും പങ്കാളി അഷ്കറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് അഷ്കർ ആശുപത്രിയിൽ നൽകിയ മൊഴി. എന്നാൽ, പോസ്റ്റ്‌മോർട്ടത്തിനും ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെയും സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെയും പാടുകൾ കണ്ടെത്തി. മർദനമേറ്റതിനെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു. കുട്ടിയുടെ മുത്തച്ഛൻ സുനിൽകുമാർ നേരത്തെ തന്നെ കൊലപാതക സാധ്യത ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. രണ്ടാനച്ഛൻ അഷ്‌കർ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണം കൊടുക്കുന്നതിനിടെ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ തലയില്‍ ശക്തമായി അടിക്കുകയായിരുന്നുവെന്നാണ് അഷ്‌കറിന്റെ മൊഴി. തുടര്‍ന്ന് കുഞ്ഞ് അബോധാവസ്ഥയിലായെന്നും പ്രതി പറഞ്ഞു.

കുഞ്ഞിന്റെ തലക്ക് പിന്നില്‍ ശക്തമായ ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ജനനേന്ദ്രിയത്തിലുള്‍പ്പെടെ ശരീരമാസകലം മര്‍ദനത്തിന്റെ മുറിവുകളും പാടുകളും കൈകാലുകളിലും മുതുകിലും പൊള്ളലേറ്റതിന്റെ അടയാളങ്ങളും കണ്ടെത്തി. കുഞ്ഞിന്റെ കൈകള്‍ ഒടിഞ്ഞിരുന്നു. ഇത് പ്രതിയുടെ ആക്രമത്തിലാണോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. പ്രതി പതിവായി കുഞ്ഞിനെ മര്‍ദിച്ചിരുന്നുവെന്ന വിലയിരുത്തലിലാണ് പോലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് അഖിലയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. അഖിലയെയും പങ്കാളി അഷ്‌കറിനെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ ദിവസം രാത്രി പിതാവ് അഖിലിന്റെ വീട്ടില്‍ നടത്തിയിരുന്നു.

ഇതേസമയം  സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛൻ  അഷ്കറുമായി  പൊലീസ് തെളിവെടുപ്പ് നടത്തി.  തെളിവെടുപ്പിനായി എത്തിച്ചതിനിടെ  അസഭ്യ വാക്കുകളുമായെത്തിയ നാട്ടുകാർ പ്രതിയെ കൈയേറ്റം ചെയ്യാനും ശ്രമം നടത്തി.
ആക്രമിക്കാൻ ശ്രമിച്ചതോടെ പൊലീസുകാർ നന്നേ പാടുപെട്ടാണ് പ്രതിയെ വീടിനകത്തേക്ക് കൊണ്ടു പോയത്. തുടർന്ന് വീട്ടിലും വീടിന് പുറത്തും മിനിറ്റുകൾക്കകം തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് പ്രതിയുമായി മടങ്ങി ഇതിനിടെ പ്രകോപിതരായ നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. കേസിലെ മറ്റൊരു പ്രതിയായ കുട്ടിയുടെ അമ്മ അഖിലയെ തെളിവെടുപ്പിന് എത്തിച്ചിട്ടില്ല.


ക്രൂര പീഡനമേറ്റാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇരുവരെയും പൊലീസ് പിടികൂടിയത്.
അഖിലയുടെയും ആദ്യ ഭർത്താവായ അഖിലിന്റെയും മകനാണ് അർഷിത്. രണ്ട് വർഷം മുൻപാണ് അഖിൽ മരിച്ചത്. ഇതിന് ശേഷമാണ് അഖില അഷ്കറിനൊപ്പം താമസം ആരംഭിച്ചത്.


കഴിഞ്ഞ ആറ് മാസമായി അഷ്കറും അഖിലയും കുഞ്ഞും ഇവിടെയാണ് താമസമെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ അയൽക്കാരുമായോ നാട്ടുകാരുമായോ അധികം ബന്ധം പുലർത്തിയിരുന്നില്ല. ഇടയ്ക്ക് വീട്ടിൽനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേൾക്കാമായിരുന്നു.


അടുത്തിടെ കുഞ്ഞിന്റെ രണ്ട് കൈകളിലും പ്ലാസ്റ്ററിട്ടത് ചിലർ കണ്ടു. തുടർന്ന് അഷ്കറിനോട് കാര്യം
തിരക്കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. കുഞ്ഞ് വീണതാണോ എന്ന് ചോദിച്ചിട്ടും ഇയാൾ ഒന്നും പറഞ്ഞില്ല. ഇതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നി തുടങ്ങിയത്. പിന്നീട് നാട്ടുകാരിൽ ചിലരാണ് അഖിലയുടെ ആദ്യ ഭർത്താവായ അഖിലിന്റെ വീട്ടുകാരെ വിവരമറിയിച്ചത്.


അതേസമയം നെടുമങ്ങാട് കുഞ്ഞിന്റെ കൊലപാതം സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. നിയമപരമായ കാര്യങ്ങൾ നടക്കുന്നുണ്ട്. പ്രതികൾ ശിക്ഷിക്കപ്പെടണം. പഴുതുകൾ ഇല്ലാത്ത നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.