ഇനിയും കുട്ടപ്പൻമാരുണ്ടാകണം ; ടൂറിസം കേന്ദ്രങ്ങളും

എബ്രഹാം മാത്യു
കുട്ടപ്പൻമാരുണ്ടാകണം
******
ഇന്ന് കുട്ടപ്പനെ കണ്ടു.
5 വർഷം മുൻപ് മലരിക്കൽ പാടത്ത് ആമ്പൽ പൂവിട്ടപ്പോൾ,
വള്ളം ഇറക്കിയാൽ ആളുകൾ ആമ്പൽ കാണാൻ
വള്ളത്തിൽ കയറുമെന്നും, അതൊരു വരുമാനമാകുമെന്നും അഡ്വ.കെ.അനിൽ
കുമാർ പറഞ്ഞപ്പോൾ പരിഹാസച്ചിരി മുഴക്കാത്തൊരാൾ.
കുട്ടപ്പൻ ആമ്പൽ പാടത്ത് വള്ളമിറക്കി.
ഇത്തിരി പണം കിട്ടി.
രണ്ടാം വർഷം വള്ളങ്ങളുടെ എണ്ണം കൂടി.സന്ദർശകരും വർദ്ധിച്ചു.
വള്ളങ്ങളുടെ എണ്ണവും കൂടി.
******
2024 ലെ ആമ്പൽ വസന്തം വിടചൊല്ലുകയാണ്. പതിനായിരങ്ങൾ നാടിൻ്റെ നാനാഭാഗത്തു നിന്നും കാഴ്ചക്കാരായി എത്തി. വിദേശികളും.
കുട്ടപ്പനെപ്പോലെ നൂറോളം പേരാണ് കാഴ്ചക്കാർക്കായി വള്ളയാത്ര ഒരുക്കിയത്.
ഈ വർഷം അവരുടെ വരുമാനം 2 കോടി കഴിഞ്ഞു. കുടുംബശ്രീ പ്രവർത്തകർ ആമ്പൽ പൂവ് വിറ്റും ചായയും പലഹാരവും വിറ്റും വരുമാനം തേടി. ഹോംസ്റ്റേയും പാർക്കിംഗും ഉൾപ്പെടെ ഉണ്ടായ വരുമാനം നാട്ടുകാരിൽ അഭിമാനബോധം വർദ്ധിപ്പിച്ചു. ഇവിടം സംരക്ഷിക്കുന്നതിൻ്റെ ഉത്തരവാദിത്വം പ്രദേശവാസികളുടേതാണ്.
******
പുഴകളും തോടുകളും വൃത്തിയാക്കി തരിശുനിലത്ത് നെൽകൃഷി തിരികെ കൊണ്ടുവരുന്നതിനായി അഡ്വ.കെ.അനിൽ കുമാർ കോർഡിനേറ്ററായി രൂപം കൊണ്ട മീനച്ചിലാർ -
മീനന്തറ യാർ - കൊടൂരാർ നദീ പുനർ സംയോജന ജനകീയ കൂട്ടായ്മയാണ്
മൂന്നാം ഘട്ടമായി പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾക്കായി ശ്രമം ആരംഭിച്ചത്.
മലരിക്കൽ ഒരു തുടക്കമായിരുന്നു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് നല്ല നേതൃത്വം കൊടുത്തു.
ശ്രീ. വി.കെ.ഷാജിമോൻ്റെ നേതൃത്വത്തിലുള്ള ടൂറിസം കമ്മറ്റി ഈ ജനകീയ മുന്നേറ്റത്തെ ഗംഭീരമാക്കി.
ഇതൊരു മാതൃകയാണ്.
ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കടപ്പൂരിൽ പക്ഷി നിരീക്ഷണമുൾപ്പെടെയുള്ള ജല ടൂറിസം ഇക്കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്.
വ്യത്യസ്തവും മനോഹരവുമായ ചെറു ബോട്ടുകളുടെ സഹായത്തോടെയുള്ള ബോട്ടിംഗ് സവാരി കോടിമതയിൽ ഇക്കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്.
ഇത്തരം ബോട്ടുകൾ നിർമ്മിക്കുന്ന ഫാക്ടറിയുൾപ്പെടെയാണ് കോടിമതയിൽ ആരംഭിച്ചിരിക്കുന്നത്. ഡിസംബറോടെ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകും.
നീറിക്കാടുൾപ്പെടെ നാലു പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
******
കോട്ടയം കാർക്ക് ഇത്തിരി സമയം വിനോദത്തിനും വിശ്രമത്തിനുമായി ചെലവഴിക്കാൻ ഇടങ്ങൾ വളരെയൊന്നും ഇല്ല.
തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ജനങ്ങൾക്ക് ടെൻഷൻ ഫ്രീയായി ഇരിക്കാൻ, ഉല്ലസിക്കാൻ ലളിതസുന്ദരമായ ഇടങ്ങൾ വേണം.
നാലു മണിക്കാറ്റിലും ഇത്തിരി ദൂരെ വാഗമണ്ണിലും ഇല്ലിക്കല്ലിലും ജനം ഇരച്ചുകയറുന്നത് കണ്ടിട്ടില്ലേ?
അനന്തമായ സാധ്യതകൾ കോട്ടയത്തുണ്ട്.
അത് പ്രയോജനപ്പെടുത്താൻ ജനപ്രതിനിധികൾക്കും തദ്ദേശീയ ഭരണകൂടങ്ങൾക്കും കഴിയണം. ദീർഘവീക്ഷണത്തോടെ അവ നടപ്പിലാക്കണം.നഗരം വൃത്തിയും സൗന്ദര്യവുമുള്ള ഇടമാകണം. പ്രദേശികമായ, ഉത്തരവാദിത്വമുള്ള നടത്തിപ്പുസംഘം ഉണ്ടാകണം.
******
കോട്ടയത്തും സീനിയർ സിറ്റിസണുകളുടെ എണ്ണം വർദ്ധിക്കുകയാണ്.
ചിലവർഷങ്ങൾക്ക് ശേഷം യൂറോപ്പ്, അമേരിക്ക തുടങ്ങിയ ഇടങ്ങളിലേക്ക് ചേക്കേറിയവരുടെ മടക്കം വിദഗ്ധർ പ്രവചിച്ചു തുടങ്ങിയിട്ടുണ്ട്.
******
സ്ഥായിയായ വികസനത്തിൻ്റെ പുതിയ അളവുകോലുകളിൽ പരാമർശിക്കുന്നത സരിച്ച് കൂടുതൽ സമയം ടെൻഷൻ ഫ്രീയായി ആനന്ദം നിറഞ്ഞിരിക്കുന്നവരെയാണ് വികസിതരായി കണക്കുകൂട്ടുന്നത്.
കോട്ടയത്ത് ഇനിയും പ്രാദേശികമായ പരിസ്ഥിതി സൗഹൃദ ടൂറിസം കേന്ദ്രങ്ങൾ ഉണ്ടാകണം. താഴത്തങ്ങാടിയുടെ അനന്ത സാധ്യത പ്രയോജനപ്പെടുത്തിയിട്ടില്ല. മുണ്ടാർത്തോട്, ഈരയിൽക്കടവ്, കോടിമത.... സാധ്യതകളുള്ള ഇടങ്ങൾ ഒത്തിരിയുണ്ട്. പുസ്തകം, മീഡിയാ, റബർ.. തുടങ്ങി തീമാറ്റിക് ടൂറിസ കേന്ദ്രങ്ങൾ വരണം.
ലോകാത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന അനുഗൃഹീത കലാകാരൻ ആർട്ടിസ്റ്റ് സുജാതൻ ചേട്ടൻ,
ഒരു വ്യക്തി/ക്രിയേറ്റീവ് പ്രൊഡക്ഷൻ എന്നീ നിലകളിൽ രൂപപ്പെടുത്തിയെടുക്കാവുന്ന ടൂറിസം പ്രോപ്പർട്ടി ആണ്.
******
കോട്ടയത്ത് പള്ളത്തിനടുത്ത് കൊടൂരാറിന് തടസ്സമായി നിൽക്കുന്ന
പഴുക്കാനിലത്ത് നിന്നും ഏക്കറ്കണക്കിന് ചെളിമണ്ണ് നീക്കം ചെയ്താൽ കൊടുരാറിലൂടെ വരുന്ന ജലം വേമ്പനാട് കായലിലെത്തും. വെള്ളപ്പൊക്ക സാദ്ധ്യത കുറയും.
ഇതിന് ഡോ.തോമസ് ഐസക്ക് കിഫ്ബി വഴി 108 കോടി രൂപ അനുവദിച്ചിരുന്നു.
പഴുക്കാനിലത്തു നിന്നും കോരുന്ന മണ്ണ് മലരിക്കലിലെ 1850 ഏക്കർ പാടശേഖരങ്ങൾക്ക് ചുറ്റും 18 കിലോമീറ്റർ ദൂരത്തിൽ ഒരു ബണ്ട് രൂപപ്പെടുത്തുന്ന നിർദ്ദേശം വന്നിട്ടുണ്ട്. കാൽനടക്കാർക്കും സൈക്കിൾ യാത്രികർക്കുമായി ഒരു ബണ്ട്.
കൃഷിക്കാർക്കും ഇത് സഹായകമാവും.
നെൽപ്പാടവും ആമ്പൽപ്പൂവും കണ്ടുള്ള നടപ്പിനായി ഇങ്ങനെയൊരു ബണ്ട് രൂപപ്പെട്ടാൽ അത് സൃഷ്ടിക്കുന്ന വൈബ് അത്ഭുതകരമായിരിക്കും.
******
കോട്ടയത്തുനിന്നും ഒരു മണിക്കൂർ കൊണ്ട് മലമുകളിലെത്താം. കടലിൽ എത്താം. കടലിന് താഴെയുള്ള കുട്ടനാട്ടിലും എത്താം. അപൂർവങ്ങളിൽ അപൂർവം!
ഇത്രയും വൈവിധ്യങ്ങൾ നിറഞ്ഞ കോട്ടയത്തെ ഒരു ഗ്രേറ്റർ മാന്ത്രിക കോട്ടയമായി രൂപാന്തരപ്പെടുത്താൻ കഴിഞ്ഞാൽ..
വേമ്പനാട്ടു കായലിലെ നിറഞ്ഞു കിടക്കുന്ന ചെളിയും മണ്ണും കൂടി നീക്കിയാൽ കപ്പാസിറ്റി വർദ്ധിക്കും.
പുതിയ ടൂറിസം, മത്സ്യകൃഷി ,കുടിവെള്ള പദ്ധതി തുടങ്ങി കുറെ പദ്ധതികൾ തുടങ്ങാം.
കൊച്ചി മെട്രോ വൈക്കം വരെയെത്തിയാൽ കോട്ടയം
സ്റ്റാർട്ട് അപ്പുകളുടെ എക്സ്ടെൻഷൻ ഹബായി മാറും.
ടൂറിസ സാധ്യതകൾ ഏറും.
നിലവിലുള്ള വൈവിധ്യമാർന്ന ടൂറിസം പാക്കേജുകൾ കൂടി ഉണർന്നാൽ ..
കോട്ടയം ഒരു ആനന്ദ നഗരമായി മാറും. കേരളമാകെ ഇത്തരം സാധ്യതകളെ പ്രയോജന
പ്പെടുത്തണം.
വള്ളിമിറക്കാൻ മനക്കരുത്തും കരളുറപ്പുമുള്ള കുട്ടപ്പൻമാരുണ്ടാകട്ടെ.
******
പണ്ട് കോട്ടയം നഗരത്തെ 100 % സാക്ഷരതയുള്ള നഗരമാക്കാനുള്ള യജ്ഞം നടന്നപ്പോൾ നാഗമ്പടത്തെ കുട്ടപ്പൻ,ഇനിയും അക്ഷരം പഠിക്കാനുള്ള ഏക കോട്ടയംകാരനായി.
കുട്ടപ്പൻ ചിന്നം വിളിച്ചു: "ഞാൻ പഠിക്കുമെന്ന് ആരും കരുതേണ്ടാ!"
അവിടുത്തെ സാക്ഷരതാ പ്രവർത്തകനായ
ശ്രീ ബിജു ജോർജും യജ്ഞത്തിൻ്റെ തലതൊട്ടപ്പൻ ഡോ.തോമസ് ഏബ്രഹാം സാറും കളക്ടറായിരുന്ന ശ്രീ അൽഫോൻസ് കണ്ണന്താനത്തെ നാഗമ്പടത്തിറക്കി. കുട്ടപ്പൻ അയഞ്ഞു.
അവസാനം
കുട്ടപ്പൻ എഴുതി.
ട...ട്ട... കുട്ടപ്പൻ.
നഗരം 100 % ആയി !
Abraham Kurien,
Living leaf views paper.
Tel.9447703408