മസാല ബോണ്ട് കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാമെന്ന് കിഫ്ബി

മസാല ബോണ്ട് കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാമെന്ന് കിഫ്ബി

കൊച്ചി: മസാല ബോണ്ട് കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാമെന്ന് കിഫ്ബി. ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ തയ്യാറാണെന്നും കിഫ്ബി അറിയിച്ചു. മുന്‍ ധനമന്ത്രി തോമസ് ഐസക് ഹാജരായേ മതിയാവൂ എന്ന നിലപാടിലാണ് ഇ.ഡി. എന്നാല്‍ ഹാജരാവില്ലെന്ന് തോമസ് ഐസക്. സമന്‍സ് അയക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നും ഐസക് കോടതിയില്‍ വാദിച്ചു.

ഇഡി സമന്‍സ് ചോദ്യം ചെയ്താണ് കിഫ്ബി സിഇഒ, തോമസ് ഐസക് എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഇരുവരും നിലപാട് വ്യക്തമാക്കുകയായിരുന്നു. ഇഡി ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ സിഇഒയ്ക്ക് ഹാജരാക്കാന്‍ കഴിയില്ല, പകരം മാനേജര്‍മാര്‍ ഹാജരാക്കാന്‍ ഒരുക്കമാണെന്നും കിഫ്ബി കോടതിയെ അറിയിച്ചു.

ഇഡി സമന്‍സ് നിയമവിരുദ്ധമാണെന്ന് തോമസ് ഐസക് ആവര്‍ത്തിച്ചു. സമന്‍സ് അയക്കാന്‍ ഇഡിക്ക് അധികാരമില്ല. അതുകൊണ്ട് തന്നെ ഹാജരാകാനാകില്ലെന്നും ഐസക് കോടതിയില്‍ വാദിച്ചു. എന്നാല്‍ ഐസക് ഹാജരായെ മതിയാവൂവെന്ന് എന്ന് ഇഡിയും വാദിച്ചു.