എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി; ഇംഗ്ലീഷിലും തമിഴിലും കന്നഡയിലും സത്യപ്രതിജ്ഞ
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി. പ്രോടേം സ്പീക്കറായ ജി.സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. ഇന്നലെയാണ് അദ്ദേഹം ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് മുൻപാകെ സത്യവാചകം ചൊല്ലിയത്.
8.50 ഓടെ പുതുപ്പള്ളിയിൽ നിന്നുള്ള ചാണ്ടി ഉമ്മൻ സൈക്കിളിൽ സത്യപ്രതിജ്ഞയ്‌ക്ക് എത്തിയത് കൗതുകമായി. നീല പാന്‍റ്‌സും പിതാവ് ഉമ്മൻ ചാണ്ടിയുടെ ചിത്രം ആലേഖനം ചെയ്‌ത വെള്ള ഷർട്ടും കാൻവാസ് ഷൂവുമണിഞ്ഞാണ് സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.
കുന്നത്തുനാട് എംഎൽഎ വി പി സജീന്ദ്രൻ ഗാന്ധിത്തൊപ്പി അണിഞ്ഞാണ് എത്തിയത്. പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനറെ അട്ടിമറിച്ച ഫാത്തിമ തഹ്‌ലിയ പച്ച ചുരിദാറണിഞ്ഞാണ് സത്യപ്രതിജ്‌ഞയ്‌ക്കെത്തിയത്.
മാത്യു കുഴൽ നാടൻ പാന്‍റ് ഇൻസേർട്ട് ചെയ്‌ത് കളർ ഷർട്ടിലെത്തി. മന്ത്രിമാരായ റോജി എം ജോൺ, പി.കെ ബഷീർ, ഷിബു ബേബി ജോൺ എന്നിവരും അബിൻ വർക്കി, സന്ദീപ് വാര്യർ, ടി.കെ ഗോവിന്ദൻ, സിപി ജോൺ, വി കുഞ്ഞികൃഷ്‌ണൻ എന്നിവരും കളർ ഷർട്ടണിഞ്ഞാണ് എത്തിയത്. പാലക്കാട് നിന്നുള്ള രമേഷ് പിഷാരടി ഇളം പച്ച പാന്‍റില്‍ ബ്രൗൺ കളർ ഷർട്ടണിഞ്ഞ് ഇൻസേർട്ടിലാണ് എത്തിയത്.
കൃത്യം 9 മണിക്ക് പ്രോട്ടം സ്‌പീക്കര്‍ ജി സുധാകരന്‍റെ അധ്യക്ഷതയില്‍ സത്യപ്രതിജ്ഞ ആരംഭിച്ചു. കളമശേരി എംഎല്‍എയും ഫിഷറീസ് മന്ത്രിയുമായ വി ഇ അബ്‌ദുല്‍ ഗഫൂറാണ് ആദ്യം പ്രതിജ്ഞ എടുത്തത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലായിരുന്നു അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. വടക്കാഞ്ചേരിയില്‍ നിന്നുള്ള സിപിഎം അംഗം സേവ്യര്‍ ചിറ്റിലപ്പള്ളിയാണ് അവസാനം പ്രതിജ്ഞയെടുത്തത്. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഫ് കന്നടയിലും ദേവികുളം എംഎല്‍എ എഫ് രാജ തമിഴിലുമാണ് പ്രതിജ്ഞ എടുത്തത്.
കോഴിക്കോട് നോര്‍ത്തിന്‍റെ പ്രതിനിധി ഫൈസല്‍ ബാബു, മാണി സി കാപ്പന്‍, മാത്യു കുഴല്‍ നാടന്‍, കെ മുരളീധരന്‍, രമേശ് ചെന്നിത്തല, രമേശ് പിക്ഷാരടി, സന്ദീപ് വാര്യര്‍, സണ്ണി ജോസഫ് എന്നിവര്‍ ഇംഗ്ലീഷിലാണ് പ്രതിജ്ഞ ചൊല്ലിയത്. തളിപ്പറമ്പില്‍ നിന്നുള്ള ടി കെ ഗോവിന്ദനെയും പയ്യന്നൂരില്‍ നിന്നു വിജയിച്ച കെ കുഞ്ഞികൃഷ്‌ണനെയും ഭരണപക്ഷം വന്‍ ഹര്‍ഷാരവം മുഴക്കിയാണ് സത്യപ്രതിജ്ഞയ്ക്കു സ്വീകരിച്ചത്. ടി കെ ഗോവിന്ദന്‍ സത്യപ്രതിജ്ഞയ്ക്കു മുന്‍പ് പ്രതിപക്ഷ നിരയിലെത്തി പിണറായി വിജയന് കൈ കൊടുത്തു. എന്നാല്‍ കെ കുഞ്ഞികൃഷ്‌ണന്‍ കൈകൊടുക്കാനായി പിണറായിയുടെ ഇരിപ്പിടത്തിനരികിലേക്കു നീങ്ങിയപ്പോള്‍ വലതുകൈ ഉയര്‍ത്തി അഭിവാദ്യം ചെയ്‌ത് പിണറായി ഹസ്‌തദാനം ഒഴിവാക്കി.
ബിജെപി അംഗങ്ങളില്‍ അക്ഷരമാലാക്രമത്തില്‍ ആദ്യം ബിബി ഗോപകുമാറാണ് പ്രതിജ്ഞ എടുത്തത്. മൂന്ന് ബിജെപി അംഗങ്ങളും മലയാളത്തില്‍ ദൈവ നാമത്തില്‍ പ്രതിജ്ഞയെടുത്തു.
അന്‍വര്‍ സാദത്ത് ദൈവനാമത്തില്‍ പ്രതിജ്ഞ എടുത്ത ശേഷം തന്‍റെ നിയോജക മണ്ഡലമായ ആലുവയിലെ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായി പറഞ്ഞാണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. സന്ദീപ് വാര്യര്‍ ജയ് ഹിന്ദ്, ജയ് സംവിധാന്‍ എന്ന് പറഞ്ഞ് പ്രതിജ്ഞ അവസാനിപ്പിച്ചു. ഭരണപക്ഷത്തു നിന്ന് സിപി ജോണ്‍, ഷിബു ബേബി ജോണ്‍ എന്നീ മന്ത്രിമാരും വിടി ബല്‍റാം, കെ കെ രമ എന്നിവരും സിപിഎം വിമതരായി വിജയിച്ച ടികെ ഗോവിന്ദനും കെ കുഞ്ഞികൃഷ്‌ണനും സഗൗരവമാണ് പ്രതിജ്ഞയെടുത്തത്.
സന്ദര്‍ശക ഗാലറികളില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ വീക്ഷിക്കാന്‍ കുടുംബാംഗങ്ങളും ബന്ധുക്കളും എത്തിയിരുന്നു. മുഖ്യമന്ത്രി വിഡി സതീശന്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ എന്നിവര്‍ കുടുംബ സമേതമാണ് സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. വിവിഐപി ഗാലറികളിലും സന്ദര്‍ശകരുടെ തിരക്കായിരുന്നു. മന്ത്രി കെഎ തുളസിയുടെ സത്യപ്രതിജ്ഞ കാണാന്‍ ഭര്‍ത്താവും പാലക്കാട് എംപിയുമായ വികെ ശ്രീകണ്‌ഠന്‍ വിഐപി ഗാലറിയിലെത്തിയിരുന്നു. ശ്രീകണ്‌ഠനൊപ്പം വടകര എംപി ഷാഫി പറമ്പിലുമുണ്ടായിരുന്നു. എഐസിസി ജനറല്‍ സെ്ക്രട്ടറി ദീപാദാസ് മുന്‍ഷി, എന്‍കെ പ്രേമചന്ദ്രന്‍ എംപി, തിരുവന്തപുരം മേയര്‍ വിവി രാജേഷ്, മുൻ മന്ത്രി കെസി ജോസഫ് തുടങ്ങിയവരും വിവിഐപി ഗാലറിയിലുണ്ടായിരുന്നു.
ഇന്ന് 139 എംഎല്‍എമാരാണ് സത്യ പ്രതിജ്ഞ ചെയ്‌തത്. നാളെ രാവിലെ 9ന് സഭ സമ്മേളിച്ച് പുതിയ നിയമസഭാ സ്‌പീക്കറെ തെരഞ്ഞെടുക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ് ഭരണപക്ഷത്തിന്‍റെ സ്‌പീക്കര്‍ സ്ഥാനാര്‍ഥി. പ്രതിപക്ഷത്തു നിന്ന് മുന്‍ മന്ത്രി എസി മൊയ്‌തീന്‍ മത്സരിക്കും. യുഡിഎഫിന് 102 അംഗങ്ങളും പ്രതിപക്ഷത്തിന് 35 അംഗങ്ങളും ബിജെപിക്ക് 3 അംഗങ്ങളുമാണ് സഭയിലുള്ളത്