ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ വെടിവെപ്പ്; വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചു
ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒമാൻ തീരത്തുനിന്നും 20 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ആക്രമണം നടന്നത്. 20 ലക്ഷം ബാരൽ എണ്ണയുമായി നീങ്ങുകയായിരുന്ന ജാഗ് അർണവ് എന്ന കപ്പലിന് നേരെ ഇറാൻ സൈന്യം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് കപ്പൽ ഉടൻ തന്നെ തിരിച്ചുവിട്ടു.
സംഭവം ഗൗരവകരമായി എടുത്ത ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലിയെ നേരിട്ട് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. കപ്പലുകൾക്ക് നേരെയുണ്ടായ വെടിവെപ്പും ഹോർമുസിൽ നിന്ന് ഇന്ത്യൻ കപ്പലുകളെ നിർബന്ധപൂർവ്വം തിരിച്ചുവിടേണ്ടി വന്ന സാഹചര്യവും ഇന്ത്യ ഇറാനെ അറിയിച്ചു. രാജ്യാന്തര സമുദ്രപാതയിലെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം നടപടികളിൽ ഇന്ത്യയുടെ ആശങ്ക വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ സൈന്യം പ്രഖ്യാപിച്ചു. നാവിക ഉപരോധം തുടരുമെന്ന് അമേരിക്ക വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ നിർണ്ണായക നീക്കം