ഹാൻറാവൈറസ് ഭീഷണി: അമേരിക്കയിലെ 6 സംസ്ഥാനങ്ങൾ നിരീക്ഷണത്തിൽ

May 10, 2026 - 15:32
 0  5
ഹാൻറാവൈറസ് ഭീഷണി: അമേരിക്കയിലെ 6 സംസ്ഥാനങ്ങൾ നിരീക്ഷണത്തിൽ

 പ്രസാദ് തീയാടിക്കൽ

വാഷിങ്ടൺ : എം വി ഹൊണ്ടിയൂസ് എന്ന ക്രൂയിസ് കപ്പലിൽ ഉണ്ടായതായി റിപ്പോർട്ട് ചെയ്യുന്ന ഹാൻറാവൈറസ് പകർച്ചയെ തുടർന്ന് അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങൾ ജാഗ്രത ശക്തമാക്കി. രോഗബാധയുമായി ബന്ധപ്പെട്ട യാത്രക്കാരെയും അവരുടെ സമ്പർക്കത്തിലായിരിക്കാമെന്നു കരുതുന്ന ആളുകളെയും കണ്ടെത്തി നിരീക്ഷിക്കുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, വെർജീനിയ, ജോർജിയ, കാലിഫോർണിയ, അരിസോണ, ടെക്സസ് എന്നീ സംസ്ഥാനങ്ങൾ കപ്പലിൽ ഉണ്ടായിരുന്ന യാത്രക്കാരെയും അവരുടെ അടുത്ത സമ്പർക്കങ്ങളെയും നിരീക്ഷിച്ചുവരികയാണ്. അതേസമയം, ന്യൂജേഴ്സി സംസ്ഥാന ആരോഗ്യ വിഭാഗം കപ്പലിൽ നിന്നുള്ള ആളുകളുമായി ഇടപഴകിയിരിക്കാമെന്ന് സംശയിക്കുന്ന വ്യക്തികളെ തിരിച്ചറിയാൻ ശ്രമം തുടരുകയാണ്.

വേൾഡ് ഹെൽത്ത് ഓർഗനൈസഷൻ നെ ഉദ്ധരിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, മേയ് 8 വരെയുള്ള കണക്കുകൾ പ്രകാരം ഈ പകർച്ചയുമായി ബന്ധപ്പെട്ട് കുറഞ്ഞത് മൂന്ന് മരണങ്ങളും എട്ട് രോഗബാധ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹാൻറാവൈറസ് സാധാരണയായി എലികളിൽ നിന്നുള്ള വൈറസായി അറിയപ്പെടുന്നു. എലികളുടെ മലമൂത്രം, ഉമിനീർ എന്നിവയുമായി സമ്പർക്കത്തിൽ വരുമ്പോഴോ അതിന്റെ വായുവിലുള്ള അണുക്കൾ ശ്വസിക്കുമ്പോഴോ മനുഷ്യരിലേക്ക് വൈറസ് പകരാൻ സാധ്യതയുണ്ട്. ചില കേസുകളിൽ രോഗം ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളിലേക്കും മരണത്തിലേക്കും നയിക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അന്താരാഷ്ട്ര തലത്തിൽ യാത്ര ചെയ്തിരുന്ന നിരവധി ആളുകൾ കപ്പലിൽ ഉണ്ടായിരുന്നതിനാൽ രോഗബാധ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. യാത്രക്കാരുടെ യാത്രാ വിവരങ്ങളും സമ്പർക്ക പട്ടികകളും പരിശോധിച്ച് ആരോഗ്യ ഏജൻസികൾ വ്യാപകമായ കോൺടാക്റ്റ് ട്രേസിംഗ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങളായി പനി, ശരീരവേദന, ക്ഷീണം, ശ്വാസതടസം എന്നിവ കാണപ്പെടാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അടുത്തിടെ ക്രൂയിസ് യാത്ര നടത്തിയവരോടോ ബന്ധപ്പെട്ടവരോടോ സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ നിർദേശിച്ചു.