ആദ്യഘട്ട വിധിയെഴുത്ത് നാളെ

ആദ്യഘട്ട വിധിയെഴുത്ത് നാളെ

ന്യൂഡല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് നാളെ. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളടക്കം രാജ്യത്തെ 102 ലോക്‌സഭാ മണ്ഡലങ്ങളിലെ ജനങ്ങളാണ് ആദ്യ ഘട്ടത്തില്‍ വിധി കുറിക്കുന്നത്.

തമിഴ്‌നാട് മൊത്തത്തിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലുമാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.

നാളെ വോട്ടെടുപ്പു നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. 102 മണ്ഡലങ്ങളിലായി 1,625 സ്ഥാനാര്‍ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. തമിഴ്‌നാട്ടില്‍ 39 സീറ്റുകളിലായി ആകെ 950 സ്ഥാനര്‍ഥികളാണ് മത്സരിക്കുന്നത്. പുതുച്ചേരി സീറ്റിലും നാളെയാണ് വോട്ടെടുപ്പ്. രാജസ്ഥാനില്‍ 12, യുപിയില്‍ എട്ട്, ബിഹാറില്‍ നാല്, ബംഗാളില്‍ മൂന്ന് എന്നിങ്ങനെ സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നു.

തമിഴ്‌നാട്ടില്‍ ഡി എം കെ സഖ്യം വലിയ പ്രതീക്ഷയിലാണ്. കോണ്‍ഗ്രസും ഇടത് പക്ഷവും മുസ്ലിം ലീഗും ഉള്‍ക്കൊള്ളുന്ന ഡി എം കെ മുന്നണി 39 സീറ്റിലും വിജയിക്കുമെന്നാണ് ഡി എം കെ അവകാശപ്പെടുന്നത്. ദ്രാവിഡ മണ്ണില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.