മലപ്പുറം ജില്ല വിഭജിക്കണം, പെൻഷൻ പ്രായം ഉയർത്തണം; നിർദ്ദേശങ്ങളുമായി സബ് കലക്ടർ
മലപ്പുറം ജില്ലയുടെ വിഭജനം ഉൾപ്പെടെ കേരളത്തിന്റെ ഭരണ-വിദ്യാഭ്യാസ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ വേണമെന്ന ആവശ്യവുമായി തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര. ഫേസ്ബുക്കിലൂടെ പങ്കുവെച്ച തന്റെ ‘വിഷ് ലിസ്റ്റിലാണ്’ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയേക്കാവുന്ന നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചത്. പുതിയ സർക്കാർ അധികാരമേൽക്കുന്ന പശ്ചാത്തലത്തിൽ, വരും വർഷങ്ങളിൽ നടപ്പിലാക്കേണ്ട പരിഷ്കാരങ്ങൾ എന്ന നിലയിലാണ് അദ്ദേഹം ഈ കുറിപ്പ് പങ്കുവെച്ചത്.
ജനസംഖ്യാടിസ്ഥാനത്തിൽ വലിയ ജില്ലയായ മലപ്പുറം വിഭജിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. ഒരു ജില്ലയുടെ ഐഡിയൽ സൈസ് 7 നിയമസഭാ മണ്ഡലങ്ങൾ ആയിരിക്കണമെന്നും, ഭരണസൗകര്യത്തിനും പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ല വിഭജനം ഒരു സാമ്പത്തിക ബാധ്യതയല്ല, മറിച്ച് മികച്ചൊരു നിക്ഷേപമാണെന്നാണ് സബ് കളക്ടറുടെ പക്ഷം.
സംസ്ഥാനത്തെ പെൻഷൻ പ്രായം 56-ൽ നിന്ന് 60-ലേക്ക് ഉയർത്തണം. ആരോഗ്യരംഗത്തെ പുരോഗതിയും ഉയർന്ന ശരാശരി ആയുസ്സും പരിഗണിക്കുമ്പോൾ 56 വയസ്സിൽ വിരമിക്കുന്നത് യുക്തിപരമല്ല. കുറഞ്ഞത് 58 വയസ്സെങ്കിലും ആക്കുന്നത് ഗവൺമെന്റ് എച്ച്.ആർ ക്രമീകരണത്തിന് ഗുണകരമാകുമെന്ന് കളക്ടർ പറഞ്ഞു. സ്കൂൾ വിദ്യാഭ്യാസത്തിൽ മലയാളം മീഡിയം എന്നത് എൽ.പി തലം വരെ മാത്രമായി പരിമിതപ്പെടുത്തണമെന്നും യു.പി. തലം മുതൽ ഹയർ സെക്കൻഡറി വരെ സാർവത്രികമായി ഇംഗ്ലീഷ് മീഡിയം നടപ്പിലാക്കണമെന്നും ഇതിലൂടെ ക്ലാസ് ഡിഫറൻസ് ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.