കുസാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം

കുസാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം

തിരുവനന്തപുരം : നിയമസഭാ സമ്മേളനം ഈ മാസം 25 മുതൽ വിളിച്ചുചേര്‍ക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാൻ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുസാറ്റിൽ നവംബര്‍ 25 ന് ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സഹായം നൽകാനും ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്ത് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനും ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്ത് ഗവർണ്ണറോടൊപ്പം മന്ത്രി വി ശിവൻകുട്ടി പങ്കെടുക്കും. കൊല്ലത്ത് കെബി ഗണേഷ്‌ കുമാർ, പത്തനംതിട്ടയിൽ വീണാ ജോര്‍ജ്ജ്, ആലപ്പുഴ പി പ്രസാദ്, കോട്ടയത്ത് വിഎൻ വാസവൻ, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, എറണാകുളത്ത് കെ രാജൻ, തൃശ്ശൂരിൽ കെ രാധാകൃഷ്ണൻ, പാലക്കാട് കെ കൃഷ്ണൻകുട്ടി, മലപ്പുറത്ത് ജിആര്‍ അനിൽ, കോഴിക്കോട് പിഎ മുഹമ്മദ് റിയാസ്, വയനാട് എകെ ശശീന്ദ്രൻ, കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളി, കാസര്‍കോട് വി അബ്ദുറഹ്മാൻ എന്നിവര്‍ അഭിവാദ്യം സ്വീകരിക്കും.

സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും സമയബന്ധിതമായി ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനുമായി 28 സയന്റിഫിക് ഓഫീസര്‍ തസ്തികകള്‍ (ബയോളജി – 12, ഡോക്കുമെന്‍സ് – 10, കെസ്മിട്രി – 6) എന്നിങ്ങനെ തസ്തികകള്‍ സൃഷ്ടിച്ചു. ലോക ബാങ്ക് ധനസഹായത്തോടെ കേരള കാര്‍ഷിക കാലാവസ്ഥാ പ്രതിരോധ മൂല്യവര്‍ദ്ധിത ശൃംഖല നവീകരണ പദ്ധതി (KERA) നടപ്പാക്കാന്‍ അനുമതി നല്‍കി. 285 ദശലക്ഷം യു എസ് ഡോളറാണ് മൊത്തം പദ്ധതി അടങ്കല്‍. 709.65 കോടി രൂപ സംസ്ഥാന വിഹിതവും 1655.85 കോടി രൂപ ലോക ബാങ്ക് വിഹിതവുമാണ്.