തമിഴ്നാട്ടിൽ ചരിത്രനിമിഷം; 59 വർഷത്തിന് ശേഷം കോൺഗ്രസ് മന്ത്രിമാർ മന്ത്രിസഭയിലേക്ക്, നാളെ സത്യപ്രതിജ്ഞ
59 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട് മന്ത്രിസഭയിലേക്ക് കോൺഗ്രസ് തിരിച്ചെത്തുന്നു. പി. വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ നാളെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. മേലൂരിൽ നിന്ന് വിജയിച്ച പി. വിശ്വനാഥൻ തമിഴ്നാട്ടിൽ ജനറൽ സീറ്റിൽ വിജയിക്കുന്ന ആദ്യ ദളിത് സ്ഥാനാർഥിയാണ്. കിള്ളിയൂർ എംഎൽഎയും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവുമാണ് രാജേഷ് കുമാർ. ഈ മന്ത്രിസഭാ വികസനത്തോടെ വിജയ് സർക്കാരിലെ മന്ത്രിമാരുടെ എണ്ണം ഇരുപതിലധികമായി ഉയരുമെന്നാണ് സൂചന. കൂടാതെ, വിസികെ, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികളും മന്ത്രിസഭയിൽ ചേരുമെന്ന് ടിവികെ അറിയിച്ചു.
നാളെ രാവിലെ 10 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണറുടെ ചുമതലയുള്ള ആർ.വി. ആർലേക്കർ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കൃഷി, ഉന്നത വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലക്കാരുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കോൺഗ്രസിനെ കൂടി ഭരണത്തിൽ പങ്കാളികളാക്കുന്നത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സഖ്യം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് ടിവികെയുടെ വിലയിരുത്തൽ.
അതേസമയം, അണ്ണാഡിഎംകെയിലെ വിമത വിഭാഗത്തെ ഇപ്പോൾ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി വിജയ് തീരുമാനിച്ചു. സഖ്യകക്ഷികളായ വിസികെയും സിപിഎമ്മും ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. എഐഎഡിഎംകെ അംഗങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ പിന്തുണ പിൻവലിക്കുമെന്ന് സിപിഎം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു