കേരള മുഖ്യമന്ത്രി പദം ആർക്ക്? എ ഐ സി സി നിരീക്ഷകർക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി ഘടകകക്ഷികൾ

May 7, 2026 - 15:24
 0  5
കേരള മുഖ്യമന്ത്രി പദം ആർക്ക്?  എ ഐ സി സി നിരീക്ഷകർക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി ഘടകകക്ഷികൾ

യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയതോടെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ കോൺഗ്രസിനുള്ളിലും ഘടകകക്ഷികൾക്കിടയിലും സജീവമായി തുടരുന്നു. ഹൈക്കമാൻഡ് നിശ്ചയിച്ച നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും മുന്നിൽ ഘടകകക്ഷികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു.

നിലവിലെ എംഎൽഎ തന്നെ മുഖ്യമന്ത്രിയാകണമെന്ന നിർണ്ണായകമായ നിലപാടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നിരീക്ഷകരെ അറിയിച്ചത്. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും കേരളത്തിന്റെ പൊതുവികാരം കണക്കിലെടുത്തുള്ള തീരുമാനം ഉണ്ടാകണമെന്നും പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. ഇത് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടിരുന്ന കെ.സി. വേണുഗോപാൽ പക്ഷത്തിന് തിരിച്ചടിയായിരിക്കുകയാണ്.

പത്ത് വർഷത്തിന് ശേഷമുള്ള ഈ വമ്പൻ തിരിച്ചുവരവിനിടയിലും കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് ശക്തമാകുന്ന കാഴ്ചയാണ് തിരുവനന്തപുരത്ത് കാണുന്നത്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കായി അണികളും നേതാക്കളും ഉറച്ച നിലപാടുകളുമായി രംഗത്തുണ്ട്. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന അവകാശവാദങ്ങൾക്കിടയിലും, ഹൈക്കമാൻഡ് നിരീക്ഷകർ എംഎൽഎമാരെ ഓരോരുത്തരെയായി കണ്ട് അഭിപ്രായം തേടിയതോടെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ മാറിമറിയുന്നതായാണ് സൂചന.