ഭാരത് ബന്ദ് തുടങ്ങി: സംസ്ഥാനത്ത് ഡയസ്നോൺ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ ഭാരത് ബന്ദ് ആരംഭിച്ചു.
30 കോടിയിലധികം തൊഴിലാളികൾ പങ്കെടുക്കുന്ന പണിമുടക്കിൽ ഐഎൻടിയുസി, സിഐടിയു ഉൾപ്പെടെ പത്ത് പ്രമുഖ സംഘടനകൾ നേതൃത്വം നൽകുന്നതിനാൽ കേരളം പൂർണമായും സ്‌തംഭിച്ചേക്കുമെന്നാണ് സൂചന.
ഇന്നലെ അർധ രാത്രി 12 മണി മുതൽ ആരംഭിച്ച പണിമുടക്ക് ഇന്ന് അർധരാത്രി 12 മണി വരെയാണ്. ബിഎംഎസ് പണിമുടക്കിൽ നിന്നും വിട്ടുനിൽക്കുകയാണ്. കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് അനുകൂല സംഘടനകൾ സമരത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. സിഐടിയുവും ഐഎൻടിയുസിയും സംയുക്ത സമരസമിതിയുടെ ഭാഗമാണെങ്കിലും വെവ്വേറെയാണ് പണിമുടക്ക് നടത്തുന്നത്. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് സമരം.
ദേശീയ പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. അർധരാത്രി മുതൽ ആരംഭിച്ച പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഇന്നത്തെ ശമ്പളം ലഭിക്കില്ല. പണിമുടക്കുന്നവരുടെ ശമ്പളം റദ്ദാക്കാനാണ് ഔദ്യോഗിക തീരുമാനം. ഇടതുപക്ഷ പാർട്ടികളും സിഐടിയുവും സജീവമായി പണിമുടക്കിൽ പങ്കെടുക്കുമ്പോഴും സർക്കാർ ഈ നടപടി സ്വീകരിച്ചത് കോടതിയുടെ കർശന ഉത്തരവുകൾ നിലവിലുള്ളതിനാലാണ്