എയിംസിന് തിരുവനന്തപുരത്തെ ഭൂമി പറ്റില്ല; പരിഗണനയിലുള്ളത് 10 സ്ഥലങ്ങൾ

Oct 29, 2026 - 14:32
 0  2
എയിംസിന് തിരുവനന്തപുരത്തെ ഭൂമി പറ്റില്ല; പരിഗണനയിലുള്ളത് 10 സ്ഥലങ്ങൾ

തിരുവനന്തപുരം: എയിംസ് സ്ഥാപിക്കാൻ ആവശ്യമായ 200 ഏക്കർ ഭൂമിക്കായി മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി വിശദമായ പ്രായോഗികതാ റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കാസർഗോഡ്, തൃശ്ശൂർ, ആലപ്പുഴ ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ മുരളീധരൻ.

കുറഞ്ഞത് 200 ഏക്കർ ഭൂമിയാണ് കണ്ടെത്തേണ്ടത്. ഈ ഭൂമി തർക്കരഹിതവും തുടർച്ചയായതുമായിരിക്കണം. ദേശീയപാതയിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കുമുള്ള ഗതാഗതസൗകര്യം, കുടിവെള്ള ലഭ്യത, വൈദ്യുതി സൗകര്യം തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്ന ഭൂമി കണ്ടെത്താനാണ് കളക്ടർമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ നെട്ടുകാൽത്തേരി തുറന്ന ജയിലിനോട് ചേർന്നുള്ള ഭൂമി ഏറ്റവും അനുയോജ്യമെന്ന അഭിപ്രായം കേന്ദ്രത്തിന് ഉണ്ടെങ്കിലും ഈ അടുത്ത കാലത്ത് സുപ്രീം കോടതി വിധി അതിന് തടസ്സമാണ്. പ്രസ്തുത വിധിയനുസരിച്ച് ആ സ്ഥലത്തിന്റെ ഏതാണ്ട് 75 ശതമാനം ഭാഗങ്ങൾ ബ്രഹ്മോസിന് നൽകണം. ഇക്കാരണത്താൽ തന്നെ ആ ഭൂമി പരിഗണിക്കാൻ കഴിയില്ലെന്ന് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.