എആർഎം; വ്യാജപതിപ്പ് പ്രചരിപ്പിച്ചവരെ ബെംഗളൂരുവിൽനിന്ന് പിടികൂടി

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം എആർഎമ്മിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചവരെ ബെംഗളൂരുവിൽനിന്ന് പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ പ്രവീൺ, കുമരേശൻ എന്നിവരാണ് സൈബർ പൊലീസിന്റെ പിടിയിലായത്. ‘Onetamilmv’ എന്ന വെബ്സൈറ്റ് വഴിയാണ് വ്യാജപതിപ്പുകൾ പുറത്തിറക്കിയത്. മൂന്നുപേരാണ് സൈറ്റിന്റെ പ്രവർത്തനം നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കേസിൽ സത്യമംഗലം സ്വദേശിയെ കൂടി പിടികൂടാനുണ്ട്. അതേസമയം വ്യാജ പതിപ്പ് പ്രചരിപ്പിച്ച വെബ്സൈറ്റ് സൈബർസെൽ പൂട്ടിച്ചു.
പുതിയ സിനിമ റിലീസായി മണിക്കൂറുകൾക്കകം സംഘം വ്യാജപതിപ്പ് പുറത്തിറക്കുകയായിരുന്നു. കോയമ്പത്തൂരിലെ തിയറ്റിൽനിന്നാണ് ചിത്രം മൊബൈലിൽ പകർത്തിയതെന്നാണു പ്രാഥമിക വിവരം. വ്യാജപതിപ്പ് പ്രചരിപ്പിച്ചവരുടെ കയ്യില്‍ ഇന്നലെ പുറത്തിറങ്ങിയ രജനികാന്ത് സിനിമ വേട്ടയ്യന്‍റെ വ്യാജ പതിപ്പും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
അജയന്‍റെ രണ്ടാം മോഷണത്തിന്‍റെ സംവിധായകൻ ജിതിൻ ലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്.