വീണ വിജയന് തിരിച്ചടി; എക്സാലോജിക്കിനെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാം: കര്‍ണാടക ഹൈകോടതി

വീണ വിജയന് തിരിച്ചടി; എക്സാലോജിക്കിനെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാം: കര്‍ണാടക ഹൈകോടതി
ബെംഗളൂരു: സിഎംആര്‍എല്‍ കമ്ബനിയുമായുള്ള ഇടപാടിന് മേല്‍ നടക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ( SFIO) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി.
ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി തള്ളുകയാണ്. പൂര്‍ണമായ വിധി പകര്‍പ്പ് നാളെ രാവിലെ അപ്‌ലോഡ് ചെയ്യാമെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന അറിയിച്ചു.

ടി വീണ ഡയറക്ടറായ എക്‌സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡിവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവര്‍ക്കെതിരേയാണ് 2013ലെ കമ്ബനീസ് ആക്‌ട് 212 ഒന്ന്(എ), ഒന്ന് (സി) വകുപ്പുകള്‍ പ്രകാരം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.

ജനുവരി 31 ന് എസ്‌എഫ്‌ഐഒ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു വീണയുടെ കമ്ബനിയായ എക്സാലോജിക്കിന്റെ പേരില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. എസ്‌എഫ്‌ഐഒയുടെ ഉത്തരവ് ഏകപക്ഷീയമാണെന്നും നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന് തടസമില്ലെന്ന് നേരത്തെ പറഞ്ഞ കോടതി അന്വേഷണവുമായി സഹകരിക്കണമെന്ന് വീണ വിജയന് നിർദേശവും നല്‍കിയിരുന്നു.

എസ്‌എഫ്‌ഐഒ ആവശ്യപ്പെട്ട രേഖകള്‍ കൊടുക്കണമെന്ന് എക്‌സാലോജികിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. വിധി പറയും വരെ കടുത്ത നടപടികള്‍ പാടില്ലെന്ന് എസ്‌എഫ്‌ഐഒയോടും കോടതി പറഞ്ഞിരുന്നു. സിഎംആര്‍എല്ലും എക്‌സാലോജിക്കുമായുളള ഇടപാടുകള്‍ ഗൗരവ സ്വഭാവത്തില്‍ ഉളളതാണെന്നായിരുന്നു എസ്‌എഫ്‌ഐഒയുടെ വാദം. കരിമണല്‍ കമ്ബനിയായ സിഎംആര്‍എലില്‍നിന്ന് എക്സാലോജിക് സൊലൂഷന്‍സ് കമ്ബനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് എസ്‌എഫ്‌ഐഒ അന്വേഷണം.