ആക്‌സിയം 4 അൺഡോക്കിങ് വിജയകരം; ശുഭാൻശു ശുക്ലയും സംഘവും നാളെ ഭൂമിയിലെത്തും

Jul 14, 2025 - 13:43
 0  5
ആക്‌സിയം 4 അൺഡോക്കിങ് വിജയകരം;   ശുഭാൻശു ശുക്ലയും സംഘവും നാളെ ഭൂമിയിലെത്തും

ഹൈദരാബാദ്: 18 ദിവസങ്ങൾ നീണ്ട ദൗത്യത്തിന് ശേഷം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തോട് യാത്ര പറഞ്ഞ് ആക്‌സിയം 4 ദൈത്യത്തിന്‍റെ ഭാഗമായ ഇന്ത്യക്കാരനായ ശുഭാൻശു ശുക്ലയും മറ്റ് ബഹിരാകാശ യാത്രികരും. ബഹിരാകാശ നിലയവും പേടകവുമായുള്ള ബന്ധം വേർപ്പെടുത്തുന്ന അൺഡോക്കിങ് വിജയകരം. ഇന്ന് (ജൂലൈ 14) ഇന്ത്യൻ സമയം 4.45 ഓടെ നാലംഗ സംഘം കയറിയ സ്‌പേസ്‌ എക്‌സിന്‍റെ ഡ്രാഗൺ പേടകം ഭൂമിയിലേക്ക് യാത്ര ആരംഭിച്ചു.

എപ്പോൾ ഭൂമിയിലെത്തും: നാളെ (ജൂലൈ 15) ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിക്ക് ഭൂമിയിലെത്തും. കാലിഫോർണിയക്കടുത്തുള്ള പസഫിക് സമുദ്രത്തിലായിരിക്കും നാലംഗ സംഘത്തെ വഹിക്കുന്ന സ്‌പേസ്‌ എക്‌സിന്‍റെ ഫാൽക്കൺ 9 പേടകം സ്‌പ്ലാഷ് ഡൗൺ ചെയ്യുക. ബഹിരാകാശ നിലയത്തില്‍ നിന്നും വേർപെട്ട് യാത്ര ആരംഭിക്കുന്ന ഡ്രാഗണ്‍ പേടകം ഏകദേശം ഇരുപത്തി രണ്ടര മണിക്കൂർ സമയമെടുത്താണ് ഭൂമിയിലെത്തുക.

കാലാവസ്ഥയിൽ മാറ്റമുണ്ടായാൽ പേടകം കടലിലേക്ക് പതിക്കുന്ന സ്‌പ്ലാഷ് ഡൗണിന്‍റെ സമയക്രമത്തിൽ ഏകദേശം ഒരു മണിക്കൂർ വരെ മാറ്റം വന്നേക്കാമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ് നേരത്തെ അറിയിച്ചിരുന്നു.

ശുഭാൻശു ശുക്ലക്കൊപ്പം നാസയുടെ മുതിർന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സൺ, ഹംഗറി സ്വദേശി ടിബോർ കാപു, പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്‌നാൻസ്‌കി എന്നിവരാണ് ദൗത്യത്തിന്‍റെ ഭാഗമായത്. ഭൂമിയിലെത്തിയതിന് ശേഷം 7 ദിവസത്തെ പുനരധിവാസ പരിപാടിക്ക് വിധേയരായതിന് ശേഷമായിരിക്കും ഇവരെ വീട്ടിലേക്ക് മടക്കി അയക്കുക. മൈക്രോഗ്രാവിറ്റിയിൽ കഴിഞ്ഞതിനാൽ തന്നെ ഇവർക്ക് ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. ഇത് കണക്കിലെടുത്താണ് 7 ദിവസത്തെ പുനരധിവാസ പരിപാടിക്ക് വിധേയരാക്കുന്നത്.

ജൂൺ 25 നാണ് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെൻ്ററിൽ നിന്ന് ആക്‌സിയം-4 ദൗത്യം മിഷൻ ആരംഭിച്ചത്. 28 മണിക്കൂർ യാത്രക്ക് ശേഷം ജൂൺ 26 നാണ് ഡ്രാഗൺ ബഹിരാകാശ പേടകം അന്തരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഡോക് ചെയ്‌തത്. ബഹിരാകാശ നിലയത്തിൽ ശുക്ലയും സംഘവും 230 സൂര്യോദയങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 60 പരീക്ഷണങ്ങളാണ് സംഘം ബഹിരാകാശ നിലയത്തില്‍ നടത്തിയത്.