സംഘടനകളും  സംഘട്ടനങ്ങളും: അച്ചായൻ

സംഘടനകളും  സംഘട്ടനങ്ങളും:   അച്ചായൻ
 
ലയാളി എവിടെ പോയാലും ഒത്തു ചേരുന്നതിനും സൗഹൃദം പങ്കുവയ്ക്കുന്നതിനും മുന്നിൽത്തന്നെയാണ്. പലപ്പോഴും അതിനവർ ഓരോരോ കാരണങ്ങൾ കണ്ടെത്തും. ചിലപ്പോൾ അത് മതത്തിന്റെ പേരിലാവാം മറ്റു ചിലപ്പോൾ ജില്ലയുടെയോ പഠിച്ച കോളേജിന്റെയോ ഒക്കെ പേരിലാവാം. ആദ്യമൊക്കെ അത് ചെറിയൊരു കൂട്ടായ്മയാവും, പക്ഷെ  വളർന്നു വരുമ്പോൾ കാലക്രമേണ  അതൊരു സംഘടനാ ചട്ടക്കൂടിലേക്കു മാറും. അതെല്ലാം സ്വാഭാവികം തന്നെ. തുടർന്ന് സംഘടനക്കു നേതാക്കന്മാരെ തിരഞ്ഞെടുക്കും. പലപ്പോഴും ഈ സംഘടനകൾ  പല ഉപകാരങ്ങളും ചെയ്യാറുമുണ്ട്. പക്ഷെ ഇപ്പോൾ കാലം മാറി കഥ മാറി.
 
തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും പാനൽ ആയി, പാനലിനു പേരായി, വോട്ട് പിടുത്തമായി, കരിവാരിത്തേക്കലായി. ഏതുവിധേനയും സ്ഥാനം നേടണം, പത്രത്തിലും ടീവിയിലും പേരും പടവും വരണം എന്ന ഒറ്റ ചിന്ത മാത്രം. അതിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത പ്രാഞ്ചിയേട്ടന്മാരും. അതിനുവേണ്ടി മാധ്യമങ്ങളെയും പുത്തൻ പണക്കാരെയും തേടുകയാണ് അടുത്ത കടമ്പ. അവർ കൂടെയുണ്ടെങ്കിൽ പിന്നെ എന്തും ആവാമത്രേ. പണ്ടാരോ പറഞ്ഞതുപോലെ "അഞ്ചു ലക്ഷം രൂപേം ആളൂർ വക്കീലുമുണ്ടെൽ" ആരേം തട്ടാം, ഒരു പ്രശ്നവും ഇല്ലത്രെ. രക്ത ബന്ധമോ സുഹൃത് ബന്ധമോ ഒന്നും ഇതിനു തടസ്സമാകാറില്ല എന്നതാണ് നഗ്നമായ സത്യം. ഇവരെ സംബന്ധിച്ചിടത്തോളം ലക്‌ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്ന പ്രിൻസിപ്പലാണ് ഫോളോ ചെയ്യുന്നത്. തുടക്കം എന്ന നിലയിൽ ഏതാനും ചിലരെ വീട്ടിൽ വിളിച്ചു പാർട്ടി നൽകും. അത് പലപ്പോഴും പലയാവർത്തി സംഭവിക്കാം. ഒരു കാര്യവുമില്ലാതെ ആരെങ്കിലും വീട്ടിൽ പാർട്ടിക്കുവിളിച്ചാൽ പലരും ആശങ്കയോട് കൂടിയാണ് പോകുന്നത്. എന്ത് പാരയാണ് അടുത്ത് വരാൻ പോകുന്നതെന്നു അറിയില്ലല്ലോ. അത് കഴിഞ്ഞു പാർട്ടിക്ക് ആള് കൂടുമ്പോൾ അത് പല റെസ്റ്റോറന്റുകളിലേക്കു മാറും. പലരും അങ്ങനെ നടത്തിയ പാർട്ടികളുടെ പണം നാളുകളായി കിട്ടാനുണ്ടെന്നു കട ഉടമകൾ പലപ്പോഴും പരസ്യമായി പറയാറുണ്ട്.
 
ഒരിക്കൽ സംഘടനയിൽ നേതൃസ്ഥാനമെടുത്താൽ പിന്നെ അംബർലാ ഓർഗനൈസേഷനിൽ പൊസിഷൻ നേടാനാണ് അടുത്ത ശ്രമം. ഇതുപോലെ പലരുള്ളപ്പോൾ തർക്കങ്ങളും കുതികാലുവെട്ടിത്തരവും പതിവാകും. അത് പലപ്പോഴും സംഘടനയുടെ പിളർപ്പിലേക്കും നയിക്കാറുണ്ട്. മലയാളി സംഘടനകൾ ഇക്കാര്യത്തിൽ "വളരുംതോറും പിളരും" എന്ന രീതിയാണല്ലോ പിന്തുടരുക. വളരുംതോറും പിളരുന്നത് മനസിലാക്കാം പക്ഷെ പല സംഘടനകളും പിച്ച വയ്ക്കുന്നതിന് മുൻപ് പിളരുന്നു എന്നതാണ് സത്യം.
 
ഒരു പിളർപ്പ് കഴിഞ്ഞാൽ അടുത്ത ചോദ്യം പുതിയ സംഘടനയുടെ പേരെന്താണെന്നുള്ളതാണ്. ആന പിളർന്നു ആമയായെന്നും  ആമ പിളർന്നു ആനയായെന്നും പരസ്പരം വാദിക്കാറുണ്ടെങ്കിലും മിക്കവരും പുതിയ പേരുമായി മുൻപോട്ടു പോവുകയാണ് പതിവ്. എന്നാൽ ചിലരെങ്കിലും ഞങ്ങളാണ്   ഒറിജിനൽ എന്നും പറഞ്ഞു പഴയ സംഘടനയുടെ പേരും ലോഗോയും ഉപയോഗിക്കുന്നതും കാണാം. ഏതാനും മാസങ്ങൾക്കു മുൻപ് ഒരു ഗ്ലോബൽ സംഘടനയിൽനിന്നു പിരിഞ്ഞു പോയ ചിലർ പഴയ പേരും ലോഗോയും ഉപയോഗിക്കുകയും പ്രശ്നത്തിലാവുകയും മാധ്യമങ്ങളിൽ വാർത്തയായതും കാണാനിടയായി. അവസാനം പണി പാലുംവെള്ളത്തിൽ കിട്ടി എന്ന് മനസ്സിലായപ്പോൾ  ലക്ഷക്കണക്കിന് രൂപ നഷ്ടം കൊടുത്തു തല ഊരി എന്നുമാണ് കേൾക്കുന്നത്. അതിൽ പലരും അതോടെ സംഘടനാ പ്രവർത്തനങ്ങൾ നിർത്തിയതായും കേട്ടു.
 
നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ എന്ന് പറയുന്നപോലെ മലയാളി എവിടെ ചെന്നാലും തൻ്റെ തനി കൊണം കാണിക്കും. ഇതൊക്കെ കാണുമ്പോൾ പഴയ ഒരു സിനിമ ഡയലോഗ് ആണ് ഓർമ്മവരുന്നത് , "എന്താടോ വാര്യരെ നന്നാവാത്തേ ".