എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.69 % വിജയം

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.69 % വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി / ടിഎച്ച്എസ്എല്‍സി / എഎച്ച്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ 99.69 ആണ് വിജയശതമാനം. 4,27,153 പേര്‍ പരീക്ഷ എഴുതിയതില്‍ 4,25,563 പേര്‍ വിജയിച്ചു. 71,831 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. കഴിഞ്ഞ വര്‍ഷം ഇത് 68,604 ആയിരുന്നു.

വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയമാണ് (99.92 ശതമാനം). വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരത്താണ് (99.08 ശതമാനം). വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല – പാല (100ശതമാനം), ഏറ്റവും കുറവ് വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല (ആറ്റിങ്ങല്‍-99 ശതമാനം). ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്- 4964 പേര്‍. ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ 2944 പേര്‍ പരീക്ഷ എഴുതിയതില്‍ 2938 പേര്‍ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

100 ശതമാനം കൈവരിച്ച സ്‌കൂളുകളുടെ എണ്ണം: സര്‍ക്കാര്‍ സ്‌കൂളുകള്‍ -892, എയ്ഡഡ് സ്‌കൂളുകള്‍- 1139, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍-443. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 107 സ്‌കൂളുകളുടെ കുറവുണ്ട്. ഉത്തരകടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ഫോട്ടോ കോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകള്‍ 9-5-2024 മുതല്‍ 15-5-2024 വരെ നല്‍കാം. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 6 വരെ നടത്തും. ജൂണ്‍ രണ്ടാംവാരം പരീക്ഷഫലം പ്രഖ്യാപിക്കും. മൂന്നു വിഷയങ്ങള്‍ക്കു വരെ സേ പരീക്ഷയെഴുതാം. നാലോടെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഫലം വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. 4,27,105 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി ഫലം കാത്തിരിന്നത്