ഭാരത് ന്യായ് യാത്രയുമായി രാഹുല്‍ ഗാന്ധി

ഭാരത് ന്യായ് യാത്രയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പുതിയ യാത്രയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരുങ്ങുന്നു. നേരത്തെ ഭാരത് ജോഡോ യാത്രയില്‍ ദക്ഷിണേന്ത്യ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് പരിഗണിച്ചതെങ്കില്‍ ഇത്തവണ ഹിന്ദി ഹൃദയ ഭൂമിയിലൂടെയാണ് യാത്ര.

ഭാരത് ന്യായ് യാത്ര എന്നാണ് പുതിയ യാത്രയുടെ പേര്.

ജനുവരി 14ന് മണിപ്പൂരില്‍ നിന്നാണ് യാത്ര ആരംഭിക്കുക. മാര്‍ച്ച്‌ 20ന് മുംബൈയില്‍ അവസാനിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് വലിയ ഒരുക്കമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമാണ് ഭാരത് ന്യായ് യാത്ര. ഭാരത് ജോഡോ യാത്ര ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് നേട്ടം സമ്മാനിച്ചിരുന്നു എങ്കിലും ഉത്തരേന്ത്യയില്‍ ഉപകാരപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ യാത്ര സംഘടിപ്പിക്കുന്നത്.

14 സംസ്ഥാനങ്ങളിലൂടെയാണ് പുതിയ യാത്ര കടന്നുപോകുക. 85 ജില്ലകളിലൂടെയായി 6200 കിലോമീറ്റര്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും സഞ്ചരിക്കും. പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കാനും വിവിധ ജനവിഭാഗങ്ങളുമായി അടുപ്പമുണ്ടാക്കാനും യാത്ര സഹായിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.

കുകി-മെയ്‌തേയ് വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.