ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി തുടരില്ല, പുറത്താക്കാൻ തെളിവുകളുണ്ട് ; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

Oct 31, 2026 - 17:53
Oct 31, 2026 - 18:48
 0  3
ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി തുടരില്ല, പുറത്താക്കാൻ  തെളിവുകളുണ്ട് ; രൂക്ഷ വിമർശനവുമായി  രാഹുൽ ഗാന്ധി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാർ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ഇനി തുടരില്ലെന്നും അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കാൻ ആവശ്യമായ തെളിവുകൾ പ്രതിപക്ഷത്തിന്റെ പക്കലുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം സംഘടിപ്പിച്ച 'പബ്ലിക് ഇംപീച്ച്മെന്റ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഈ മാന്യൻ ഇനി ആ സ്ഥാനത്ത് തുടരില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചിരുന്നു. ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ നടന്ന പരിപാടിയിൽ രാഹുൽ ഗാന്ധി, മറ്റ് പ്രതിപക്ഷ എംപിമാർ, സിവിൽ സൊസൈറ്റി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. മുൻ ലോക്സഭാ സ്പീക്കർ മീരാകുമാറാണ് മോക്ക് ഇംപീച്ച്മെന്റ് നടപടികൾക്ക് അധ്യക്ഷത വഹിച്ചത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ രാജ്യദ്രോഹം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഖാർഗെ ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നും 13.2 കോടി വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6 തിരുത്തിയെഴുതിയെന്നും ഇസിനെറ്റ് വഴി വോട്ടർപട്ടികയുടെ നിയന്ത്രണം ഏറ്റെടുത്തെന്നും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ അഭിപ്രായങ്ങൾ പരിഗണിച്ചില്ലെന്നും ആരോപണങ്ങളുണ്ട്.