ഭൂമിയിലെ മാലാഖമാരുടെ ദിനം :മിനി സുരേഷ്

ഭൂമിയിലെ മാലാഖമാരുടെ ദിനം :മിനി സുരേഷ്



ന്ന് ലോക നഴ്സസ് ദിനം.ആതുര സേവന രംഗത്ത് ഭൂമിയിലെ മാലാഖമാർ ചെയ്യുന്ന സേവനങ്ങളെയും ,ത്യാഗങ്ങളെയും അംഗീകരിക്കുകയും,ബഹുമാനിക്കുകയും ചെയ്തു
കൊണ്ട് ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിച്ചു വരുന്നു.
നഴ്സുമാർ കാണിക്കുന്ന ദയയും ,പുഞ്ചിരിയും പലപ്പോഴും രോഗികളുടെ വീണ്ടെടുക്കലിനു കാരണമാകുന്നു.ഇതെഴുതുമ്പോൾ എന്റെ മനസ്സിൽ
ആദ്യം തെളിഞ്ഞു വരുന്നത് സതീർത്ഥ്യ ആനിയുടെ മുഖമാണ്.
ആനി സിസ്റ്റർ ചിരിയുടെ പര്യായപദം തന്നെയാണ്.എപ്പോഴും തമാശകളെല്ലാം പറഞ്ഞ് ലാഘവത്തോടെ പൊട്ടിച്ചിരിക്കാറുള്ള ആനി
സിസ്റ്റർ ഇൻജക്ഷൻ എടുത്താൽ രോഗിക്ക് ഒരു ഉറുമ്പു കടിക്കുന്ന വേദന മാത്രമേതോന്നുക ഉള്ളല്ലോ എന്ന് പലപ്പോഴും വിചാരിച്ചിട്ടുമുണ്ട്.ആനി കേരളത്തിലെ ഒരു
സർക്കാർ ആശുപത്രിയിലെ ഹെഡ് നഴ്സാണ്.
ഭർത്താവിന് ഗൾഫിൽ ഉദ്യോഗമായിരുന്നു. 'ഒരു പാട് സമ്പാദ്യമുണ്ടായിട്ടൊന്നുമല്ല.പഠിച്ച തൊഴിൽ കൊണ്ട് ജനിച്ചു വളർന്ന നാടിനെ സേവിക്കുമ്പോൾ നല്ല സന്തോഷം തോന്നാറുണ്ട്.'ആനി സിസ്റ്ററിന്റെ ഈ അർപ്പണ മനോഭാവം കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നും നഴ്സിംഗ് പഠിച്ചിറങ്ങുന്ന പലർക്കും ജീവിതസാഹചര്യങ്ങൾ കൊണ്ട് പ്രാവർത്തികമാക്കുവാൻ സാധിക്കാറില്ല.യു.എസ് .എ,യു.കെ ,കാനഡ ,ഓസ്ട്രേലിയ ,ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ മികച്ച പാക്കേജുകളുമായി വരവേൽപ്പിനൊരുങ്ങി നിൽക്കുമ്പോൾ പലായനം ചെയ്യുവാൻ തയ്യാറെടുക്കുന്നവരുടെ എണ്ണവും ഏറുകയാണ്.
എന്റെ സ്കൂൾ .കോളേജ് കാലഘട്ടത്തിൽ സെക്കൻറ് ഗ്രൂപ്പ് എടുത്ത് നഴ്സിംഗ് പഠനത്തിനൊരുങ്ങിയിരിക്കുന്ന കൂട്ടുകാരികൾ
ധാരാളമുണ്ടായിരുന്നു. ഈ വിഷയം വീട്ടിലവതരിപ്പിച്ചപ്പോൾ കിട്ടിയ മറുപടി"നായന്മാരൊന്നും നഴ്‌സിംഗിന് പോകുകയില്ലെന്നായിരുന്നു."ഇന്ന് ജാതീയമായ ആ ചിന്തകൾ തന്നെ മറഞ്ഞുപോയി.വിദേശത്തുള്ള ജോലിസാധ്യതകൾ മാടി വിളിക്കുമ്പോൾ പഴയ മാമൂലുകളെയും ,അബദ്ധ ധാരണകളെയും തള്ളിക്കളയുവാൻ മാതാപിതാക്കൾ തന്നെയാണ് മുന്നിട്ടിറങ്ങുന്നതും. കരുണയുടെ പ്രതീകമായ ഈ പ്രൊഫഷനെ ഏറെ ബഹുമാനത്തോടെയാണ് ഇന്ന് എല്ലാവരും കാണുന്നത്.
നോർത്ത് ഇന്ത്യയിൽ പോയി ഒട്ടേറെ ത്യാഗങ്ങൾ സഹിച്ച് നഴ്സിംഗ് പഠിച്ച് വിദേശത്ത് നല്ല നിലയിൽ
ജോലി ചെയ്യുന്ന സതീർത്ഥ്യകളുമുണ്ട്. ബീഹാറിലെയും. മുംബൈയിലെയുമൊക്കെ ഹോസ്പിറ്റലുകളിൽ ജോലി ചെയ്തിട്ടുള്ള അനുഭവങ്ങൾ കൊണ്ട് തങ്ങൾക്കവിടെ എളുപ്പം സത് പേര് സമ്പാദിക്കുവാനായിട്ടുണ്ടെന്ന് അവരൊക്കെ തമാശരൂപേണ പറയാറുണ്ട്.
രാപകലില്ലാതെ മഹാ മാരികാലത്തും ,യുദ്ധഭൂമിയിലുമൊക്കെയുള്ള വെല്ലുവിളികളെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിക്കൊണ്ട് നഴ്സുമാർ
നടത്തുന്ന സേവനങ്ങളെ തൊഴിലെന്നതിലുമുപരി ബഹുമാനപൂർവ്വം കാണേണ്ടതുണ്ട്.
സ്വന്തം ദുഃഖങ്ങൾ മറന്ന് ശ്രദ്ധയോടെയും ,ക്ഷമയോടെയും രോഗിപരിചരണത്തിനായി ജീവിതം ഉഴിഞ്ഞു വച്ചിട്ടുള്ളവരാണ് നഴ്സുമാർ എന്ന് അഭിമാന പൂർവ്വം പറയാറുള്ള ഒരു സതീർത്ഥ്യനുമുണ്ട്. ഇന്ത്യൻ ആർമിയിൽ 'മെയിൽ നഴ്സാണദ്ദേഹം.

രോഗിയെ സംബന്ധിച്ചിടത്തോളം സ്നേഹത്തോടെയുള്ള പരിചരണം അത്യാവശ്യമുള്ള അവസ്ഥയാണ് രോഗാവസ്ഥ.പരിചരിക്കുന്നവരുടെ ശാരീരികവും,മാനസികവുമായ ആരോഗ്യവും സംരക്ഷിക്കേണ്ടതും പ്രധാനമാണ്. മനുഷ്യ ജീവനുകൾ രക്ഷിച്ചെടുക്കുവാനായി കർമ്മ നിരതരായി പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കു
നേരെ ആക്രമണങ്ങൾ പോലുമുണ്ടാകുന്ന സംഭവങ്ങൾ ഇന്ന് കേരളത്തിലുണ്ട്.എല്ലാവരുടെയും
സുരക്ഷ ഉറപ്പാക്കുവാനായി നിയമഭേദഗതി കൊണ്ടുവരുന്നത് ഏറെ ആശാവഹവുമാണ്.കൃത്യമായ സേവന വേതനവ്യവസ്ഥകൾ നിശ്ചയിക്കുന്നതും ,സ്വകാര്യമേഖലയിലെ ചൂഷണങ്ങൾ നിയന്ത്രിക്കുന്നതും കേരളത്തിൽ നഴ്സുമാർക്ക് സുരക്ഷിതമായ തൊഴിലന്തരീക്ഷം ഒരുക്കുമെന്ന് പ്രത്യാശിക്കാം.

അനുകമ്പയും ,സഹാനുഭൂതിയുപ്രദാനം ചെയ്യുന്ന നക്ഷത്രങ്ങളുമായെത്തുന്ന മാലാഖമാരെക്കുറിച്ചുള്ള തിരിച്ചറിവു കൂടിയാണീ ദിനം.
കരുണയുടെ ഉറവ വറ്റാത്ത ഭൂമിയിലെ മാലാഖമാരെ ഹൃദയത്തോട് എന്നെന്നും ചേർത്തുവച്ച്കൊണ്ട്
സ്നേഹാദരങ്ങളോടെ നമുക്ക് ഈ ദിനം ആചരിക്കാം.