മദൂറോയെയും പത്നിയെയും ന്യൂയോർക്കിലെത്തിച്ചു; വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗ്‌സ്
കാരക്കാസ്: യുഎസ്-വെനസ്വേല രാഷ്ട്രീയ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെയും അദ്ദേഹത്തിന്റെ പത്നി സീലിയ ഫ്ലോറസിനെയും തടവിലാക്കിയ അമേരിക്കൻ നടപടി അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
കാരക്കസിലെ വസതിയിൽ നിന്ന് അമേരിക്കൻ സേന പിടികൂടിയ ഇവരെ നിലവിൽ ന്യൂയോർക്കിലെ മെട്രോപ്പോലിറ്റൻ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
ആദ്യം കരീബിയൻ കടലിലെ യുദ്ധക്കപ്പലിലേക്കും പിന്നീട് ഗ്വാണ്ടനാമോ ബേയിലേക്കും എത്തിച്ച ശേഷമാണ് ഇവരെ വിമാനമാർഗ്ഗം ന്യൂയോർക്കിൽ എത്തിച്ചത്.
ലഹരിക്കടത്ത്, ആയുധക്കടത്ത്, തീവ്രവാദം തുടങ്ങിയ ഗുരുതരമായ കുറ്റാരോപണങ്ങളാണ് മദൂറോയ്ക്ക് മേൽ അമേരിക്ക ചുമത്തിയിരിക്കുന്നത്. നാളെ ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കുന്ന ഇരുവരെയും വിചാരണ നടപടികൾക്ക് വിധേയരാക്കും.
ജയിലിലേക്ക് മാറ്റുന്നതിനിടെ കൈവിലങ്ങണിഞ്ഞ നിലയിലും പുഞ്ചിരിയോടെ 'ഹാപ്പി ന്യൂ ഇയർ' എന്ന് ആശംസിച്ചാണ് മദൂറോ പ്രതികരിച്ചത്.
അതേസമയം, വെനസ്വേലയിൽ ഭരണഘടനാപരമായ അനിശ്ചിതത്വം ഒഴിവാക്കാൻ സുപ്രീം കോടതി അടിയന്തര ഇടപെടൽ നടത്തി. വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി കോടതി നിയമിച്ചു.