കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി 100 കോടി വാങ്ങി, മകളെ സംശയനിഴലിൽ നിർത്തുന്നതെന്തിന് ; കുഴൽനാടൻ

കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി 100 കോടി വാങ്ങി, മകളെ സംശയനിഴലിൽ നിർത്തുന്നതെന്തിന് ; കുഴൽനാടൻ

തിരുവനന്തപുരം: തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രി സിഎംആർഎൽ കമ്പനിക്കായി ഇടപെട്ടു. വൻ ലാഭമുണ്ടാക്കാൻ കരിമണൽ നിസാര വിലയ്ക്ക് നൽകിയെന്നും കുഴൽനടൻ ആരോപിച്ചു.

'മാസപ്പടി കേസിലെ യഥാര്‍ഥ പ്രതി മുഖ്യമന്ത്രിയാണ്. വീണ വിജയന്‍ നടത്തിയ അഴിമതി താരതമ്യേന ചെറുതാണ്. സ്വന്തം മകളെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ സംശയനിഴലില്‍ നിര്‍ത്തുന്നത്,' കുഴല്‍നാടന്‍ ചോദിച്ചു. ഈ വിഷയത്തില്‍ സംവാദത്തിന് വരാന്‍ തയ്യാറുണ്ടോ എന്ന് മന്ത്രിമാരായ പി രാജീവിനെയും എം ബി രാജേഷിനെയും കുഴല്‍നാടന്‍ വെല്ലുവിളിക്കുകയും ചെയ്തു.

മാസപ്പടി വിഷയത്തില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സിപിഎമ്മോ സര്‍ക്കാരോ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. സിഎംആര്‍എല്‍ നെ സഹായിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടതിന്‍റെ രേഖകള്‍ പുറത്തുവിട്ടിട്ടും സിപിഎമ്മോ വ്യവസായ വകുപ്പോ മറുപടി നല്‍കുന്നില്ല, സിഎംആര്‍എലിനു നല്‍കിയ കരാര്‍ നിലനിര്‍ത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ പ്രത്യേക ഇടപെടലുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യവസായ മന്ത്രി നല്‍കിയത് ഒറ്റ വരി മറുപടി മാത്രമാണെന്നും കുഴല്‍നാടന്‍ പറഞ്ഞു.

100 കോടിയോളം രൂപ വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇന്‍ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന 135 കോടിയുടെ സിംഹഭാഗവും നൽകിയത് പിവിക്കാണെന്ന പരാമർശത്തിലെ പിവി പിണറായി വിജയനാണെന്നും കുഴൽനാടൻ ആരോപിച്ചു.