ബന്ദികളാക്കിയ രണ്ട് ഇസ്രയേലി വനിതകളെ കൂടി ഹമാസ് വിട്ടയച്ചു

ബന്ദികളാക്കിയ രണ്ട് ഇസ്രയേലി വനിതകളെ കൂടി ഹമാസ് വിട്ടയച്ചു

ഗാസയില്‍ ബന്ധികളാക്കിയ രണ്ട് വനിതകളെ കൂടി  ഹമാസ് മോചിതരാക്കി.  രണ്ട്  ഇസ്രയേലി വൃദ്ധരെയാണ് ഹമാസ് മോചിപ്പിച്ചത്.

മോചിപ്പിച്ച വൃദ്ധകളെ ഇസ്രയേല്‍ സൈന്യത്തിന് കൈമാറിയതായും ഇവരെ ചികിത്സയ്ക്കായി ടെല്‍ അവീവിലെത്തിച്ചതായും ഇസ്രയേല്‍ അറിയിച്ചു.

79 വയസുള്ള നൂറ് കൂപ്പര്‍, 85 വയസുള്ള യോച്ചെവ് ലിഫ്ഷിറ്റ്‌സ് എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. കൂപ്പറിന്റെ ഭര്‍ത്താവ് 85 വയസുകാരനായ അമിറാം, ലിഫ്ഷിറ്റ്സിന്റെ ഭര്‍ത്താവ് 83 വയസുകാരനായ ഒഡെസ് എന്നിവര്‍ ഇപ്പേഴും ഹമാസിന്റെ പിടിയിലാണ്. ' മോശം ആരോഗ്യാവസ്ഥയിലുള്ള ഇവരെ മാനുഷിക പരിഗണനയാലാണ് വിട്ടയക്കാൻ ഞങ്ങള്‍ തീരുമാനിച്ചതെന്ന് ഹമാസ് വക്താവ് അബു ഉബൈദ ടെലിഗ്രാമില്‍ പറഞ്ഞു.

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുവരെയും വിട്ടയക്കാൻ ഹമാസ് തീരുമാനിച്ചത്. നേരത്തെ അമേരിക്കൻ പൗരകളായ ഒരു അമ്മയേയും മകളെയും വെള്ളിയാഴ്ച ഹമാസ് മോചിപ്പിച്ചിരുന്നു.

അതേസമയം ഇസ്രയേല്‍ - ഹമാസ് വെടിനിര്‍ത്തലിനെ കുറിച്ച്‌ ഇപ്പോള്‍ സംസാരിക്കാനായിട്ടില്ലെന്നാണ് അമേരിക്കയുടെ നിലപാട്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ ഇസ്രയേലില്‍ നിന്ന് പിടിച്ചെടുത്ത എല്ലാ ബന്ദികളെ ഹമാസ് മോചിപ്പിച്ചാല്‍ മാത്രമേ ഗാസ വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കൂവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച പറഞ്ഞു