തെക്കൻ ഗാസയില്‍നിന്ന് അപ്രതീക്ഷിതമായി സേനയെ പിൻവലിച്ച്‌ ഇസ്രയേൽ

തെക്കൻ ഗാസയില്‍നിന്ന്  അപ്രതീക്ഷിതമായി സേനയെ പിൻവലിച്ച്‌ ഇസ്രയേൽ

റുസലം: ഖാൻ യൂനിസില്‍നിന്ന് ആയിരക്കണക്കിനു സൈനികരെ പിൻവലിച്ച്‌ ഇസ്രയേലിന്റെ അപ്രതീക്ഷിതമായ നടപടി. സേനയുടെ 'നഹാല്‍' ബ്രിഗോഡ് മാത്രം തുടരും.

തെക്കൻഗാസയില്‍ നിന്ന് വൻതോതില്‍ സൈനികരെയാണ് പിൻവലിച്ചത്. വെടിനിർത്തലും ബന്ദി മോചനവും ലക്ഷ്യമിട്ടു കയ്റോയില്‍ നടക്കുന്ന സമാധാനചർച്ച ഇസ്രയേലിന് അനുകൂലമാക്കാനുള്ള തന്ത്രപരമായ നീക്കമെന്നാണു വിലയിരുത്തല്‍.

പിന്മാറ്റകാരണവും കൃത്യമായ എണ്ണവും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടില്ല.ഖാൻ യൂനിസില്‍ നിന്ന് സൈനികർ ഒഴിഞ്ഞതോടെ, പലായനം ചെയ്ത പലസ്തീൻകാർ തിരികെയെത്തിത്തുടങ്ങി. തകർന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമിടയില്‍ സ്വന്തം വീടു തിരഞ്ഞ് അവർ നടന്നു.

സേനാപിന്മാറ്റം വിശ്രമത്തിനുള്ള ഇടവേളയായിരിക്കാമെന്ന് യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കേർബി പ്രതികരിച്ചു. ഇസ്രയേ‍ല്‍ പുതിയ ആക്രമണത്തിനു തയ്യാറെടുക്കുന്ന സൂചനകളില്ലെന്നും കേർബി പറഞ്ഞു.

രാജ്യാന്തര സമ്മർദങ്ങള്‍ക്കു വഴങ്ങില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. 'വെടിനിർത്തല്‍ കരാറിന് ഇസ്രയേല്‍ തയാറാണ്, ഹമാസിന്റെ അതിരുകടന്ന ആവശ്യങ്ങള്‍ക്കു കീഴടങ്ങാൻ തയാറല്ല'- നെതന്യാഹു വിശദീകരിച്ചു. ശേഷിക്കുന്ന ബന്ദികളെ വിട്ടയയ്ക്കാതെ വെടിനിർത്തലിന് സമ്മതിക്കില്ലെന്നും മന്ത്രിസഭായോഗത്തിനു മുന്നോടിയായി അദ്ദേഹം പറഞ്ഞു.