ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മുഴുവൻ ഇന്ത്യക്കാര്‍ക്കും മടങ്ങാൻ അനുമതി

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മുഴുവൻ ഇന്ത്യക്കാര്‍ക്കും മടങ്ങാൻ അനുമതി

ഇറാൻ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള കണ്ടെയ്‌നർ കപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നല്‍കിയതായി ഇന്ത്യയിലെ ഇറാൻ സ്ഥാനപതി വ്യക്തമാക്കി.

16 ഇന്ത്യാക്കാർക്കും അനുമതി നല്‍കിയിട്ടുണ്ടെന്നും അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതെന്നും സ്ഥാനപതി പറഞ്ഞു. 4 മലയാളികളുള്‍പ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ തൃശ്ശൂർ സ്വദേശിനിയായ മലയാളി യുവതി ആൻ ടെസ ജോസഫിനെ വിട്ടയച്ചിരുന്നു. ആൻ ഇന്ന് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങി. വൈകുന്നേരത്തോടെ ആൻ വീട്ടിലെത്തി.

ഇറാൻ പിടികൂടിയ കപ്പലില്‍ 25 ജീവനക്കാരാണുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് ആൻ ടെസ ജോസഫിനെക്കൂടാതെ കപ്പലിലുള്ള മലയാളികള്‍. ഫിലിപ്പൈൻസ്, പാകിസ്ഥാൻ , റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ബാക്കിയുള്ളവർ.

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ലണ്ടന്‍ കേന്ദ്രമായുള്ള സൊദിയാക് മാരിടൈം എന്ന കമ്ബനിയുടെ പോർച്ചുഗീസ് പതാക വഹിക്കുന്ന എംഎസ്‌സി ഏരീസ് എന്ന ചരക്ക് കപ്പല്‍ ഇറാൻ സേന പിടിച്ചെടുത്തത്.ഇസ്രായേലുകാരനായ ഇയാല്‍ ഓഫറിന്റെ നേതൃത്വത്തിലുള്ള സൊദിയാക് ഗ്രൂപ്പിന്റെ ഭാഗമായുള്ള കമ്ബനിയാണ് സൊദിയാക് മാരിടൈം.