കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ വീണ്ടും ബോംബാക്രമണം ഉണ്ടായേക്കാമെന്ന് ട്രംപ്

Apr 18, 2026 - 14:48
 0  4
കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ വീണ്ടും ബോംബാക്രമണം ഉണ്ടായേക്കാമെന്ന്  ട്രംപ്

വാഷിങ്ടൺ: ബുധനാഴ്ചയ്ക്കകം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ദീർഘകാല കരാറിൽ ധാരണയായില്ലെങ്കിൽ ഇറാനുമായുള്ള വെടിനിർത്തൽ താൻ അവസാനിപ്പിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരുപക്ഷേ ഞാൻ അത് (വെടിനിർത്തൽ) നീട്ടില്ല, പക്ഷേ ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം തുടരും. അതിനാൽ ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ നിർഭാഗ്യവശാൽ ഞങ്ങൾക്ക് വീണ്ടും ബോംബുകൾ വർഷിക്കാൻ തുടങ്ങേണ്ടി വരുമെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഇറാൻ വിഷയത്തിൽ താൻ ശരിയായ കാര്യമാണ് ചെയ്യുന്നതെന്ന് ട്രംപ് പറഞ്ഞു. ടെഹ്‌റാൻ ആണവായുധം കൈക്കലാക്കുന്നത് തടയുന്നതിനാണ് തന്റെ പ്രഥമ പരിഗണന. ഇറാന്റെ പക്കൽ ആണവായുധം ഉണ്ടാകാൻ അനുവദിക്കരുത്, അത് മറ്റെന്തിനേക്കാളും മുകളിലാണ്. ഇറാനുമായി ബന്ധപ്പെട്ട് ചില നല്ല വാർത്തകൾ വരുന്നുണ്ട്. ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിലെ കാര്യങ്ങൾ വളരെ നന്നായി പോകുന്നുവെന്നാണ് തോന്നുന്നതെന്ന് ട്രംപ് വ്യക്തമാക്കി.