ഹോർമുസ് തുറക്കാൻ ഇറാൻ സമ്മതിച്ചില്ലെങ്കിൽ വീണ്ടും ബോംബാക്രമണം: ട്രംപ്
വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ ബോംബാക്രമണം പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ പോസ്റ്റിലായിരുന്നു ട്രംപിന്റെ പ്രതികരണം. "ഇറാൻ സമ്മതിക്കുകയാണെങ്കിൽ, ഓപ്പറേഷൻ എപ്പിക് ഫ്യൂറി അവസാനിക്കും. ഉപരോധം പിൻവലിക്കുന്നതോടെ ഇറാൻ ഉൾപ്പെടെ എല്ലാവർക്കുമായി ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കും. എന്നാൽ അവർ ഇത് സമ്മതിച്ചില്ലെങ്കിൽ, ബോംബാക്രമണം ആരംഭിക്കും. അത് മുമ്പത്തേതിനേക്കാൾ തീവ്രതയിലായിരിക്കും.".
യുഎസ് നിർദേശം ഇറാൻ പരിശോധിച്ചുവരികയാണെന്നും, തങ്ങളുടെ നിലപാട് പാക്കിസ്ഥാനെ അറിയിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുമായി നടത്തുന്ന ചർച്ചകളിൽ നീതിയുക്തവും സമഗ്രവുമായ ഒരു കരാർ മാത്രമേ ഇറാൻ അംഗീകരിക്കുകയുള്ളൂവെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ബെയ്ജിങ്ങിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അരാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന്റെ ഭാഗത്തുനിന്നും പ്രകോപനപരമായ നീക്കങ്ങൾ ഉണ്ടായാൽ വീണ്ടും സൈനിക ആക്രമണം നടത്താൻ താൻ മടിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദേശങ്ങൾ താൻ പരിശോധിച്ചു വരികയാണെന്നും ട്രംപ് പറഞ്ഞു. കരാറിന്റെ ഏകദേശ രൂപം തനിക്ക് ലഭിച്ചിട്ടുണ്ട്, എന്നാൽ അതിന്റെ പൂർണരൂപം കൂടി കണ്ടതിന് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. "ഇറാൻ ഒരു കരാറിനായി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അവർ തെറ്റായ എന്തെങ്കിലും ചെയ്താൽ തിരിച്ചടി നേരിടേണ്ടി വരും. നിലവിൽ ഇറാൻ സാമ്പത്തികമായും മറ്റും തകർന്നിരിക്കുകയാണ്," ട്രംപ് വ്യക്തമാക്കി.