കൊടകര കുഴല്‍പ്പണ കേസ്; ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

Mar 25, 2025 - 14:12
 0  2
കൊടകര കുഴല്‍പ്പണ കേസ്; ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. തെരഞ്ഞടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ തളളിക്കൊണ്ടുള്ളതാണ് ഇഡിയുടെ കുറ്റപത്രം. കേസില്‍ 23 പ്രതികളാണ് ഉള്ളത്. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ആലപ്പുഴയിലുള്ള തിരുവതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ധര്‍മരാജ്, ഡ്രൈവര്‍ ഷംജീറിന്റെ പക്കല്‍ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍ വച്ച് കൊള്ളയടിച്ചതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മരാജ് ഹാജരാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ 3 ലക്ഷം രൂപയും 8 ലക്ഷം രൂപയുടെ വസ്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു.

പൊലീസിന്റെ കണ്ടെത്തില്‍ തള്ളി കേസില്‍ ബിജെപി നേതാക്കളെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച കുഴല്‍പണം ഹൈവേയില്‍ വച്ച് കൊളളയടിച്ചുവെന്നായിരുന്നു ആരോപണം.