കോപ്പ അമേരിക്ക: അര്‍ജന്റീന തന്നെ രാജാക്കൻമാര്‍!

Jul 15, 2024 - 06:03
Aug 18, 2024 - 13:52
 0  14
കോപ്പ അമേരിക്ക:  അര്‍ജന്റീന തന്നെ രാജാക്കൻമാര്‍!

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം അര്‍ജന്റീന നിലനിര്‍ത്തി. ആവേശ ഫൈനലില്‍ കൊളംബിയയെ വീഴ്ത്തിയാണ് അര്‍ജന്റീന തുടരെ രണ്ടാം വട്ടവും കിരീടം ഉയര്‍ത്തിയത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടിയില്ല. മത്സരം അധിക സമയത്തേക്ക് നീണ്ടപ്പോള്‍ പകരക്കാരനായി എത്തിയ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഗോളാണ് കളിയുടെ ഗതി നിര്‍ണയിച്ചത്.

കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ്, കോപ്പ അമേരിക്ക... കരിയറിന്റെ സായാഹ്നത്തിലുള്ള ഇതിഹാസ താരവും നായകനുമായ ലയണല്‍ മെസിക്ക് ഇത് അഭിമാന നേട്ടങ്ങളുടെ തുടര്‍ച്ച. ഒപ്പം അര്‍ജന്റീനയ്ക്കും. മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങി, പൊട്ടിക്കരഞ്ഞ മെസിക്ക് മാര്‍ട്ടിനെസിന്‍റെ വകയുള്ള സമ്മാനമായി കിരീടം മാറി.

അര്‍ജന്റീന കോപ്പ ജയിച്ചതോടെ ഫുട്‌ബോള്‍ ആരാധകരെ കാത്ത് മറ്റൊരു വമ്ബന്‍ പോരാട്ടം കൂടി ഒരുങ്ങുന്നു. അര്‍ജന്റീനയും സ്‌പെയിനും നേര്‍ക്കുനേര്‍ വരുന്ന ഫൈനലിസിമ പോരാട്ടം. അതും നേടി കരിയറിനു സമ്മോഹന വിരാമമിടാനായിരിക്കും മെസി ഒരുങ്ങുന്നത്.

അര്‍ജന്റീനയെ അപേക്ഷിച്ച്‌ കൊളംബിയയാണ് മത്സരത്തിലുടനീളം മുന്നില്‍ നിന്നത്. ആക്രമണം സംഘടിപ്പിക്കുന്നതിലും പാസിങിലുമെല്ലാം കൊളംബിയ മുന്നില്‍ നിന്നു. എന്നാല്‍ ഗോള്‍ മാത്രം വന്നില്ല.

മത്സരം അധിക സമയത്തേക്ക് നീണ്ടപ്പോള്‍ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനി നടത്തിയ നിര്‍ണായക മാറ്റമാണ് കളി അര്‍ജന്റീനയുടെ പക്ഷത്തേക്ക് മാറ്റിയത്. അധിക സമയത്തിന്റെ 112ാം മിനിറ്റിലാണ് പകരക്കാരനായി എത്തിയ ലൗട്ടാരോ മാര്‍ട്ടിനസ് ടീമിനു വിജയ ഗോള്‍ സമ്മാനിച്ചത്. ഗോളിനു വഴിയൊരുക്കിയതും പകരക്കാരന്‍ തന്നെ. ജിയോവാനി ലോ സെല്‍സോ.

കോപ്പയില്‍ അര്‍ജന്റീനയുടെ 16ാം കിരീടമാണിത്. ഇതോടെ ഏറ്റവും കൂടുതല്‍ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കുന്ന ടീമായി അര്‍ജന്‍റീന.

ടിക്കറ്റില്ലാതെ എത്തിയ കൊളംബിയൻ ആരാധകർ വലിയ സുരക്ഷാ പ്രശ്‌നമായതോടെ മയാമിയിലെ ഹാർഡ്‌ റോക്ക് സ്റ്റേഡിയത്തില്‍ 82 മിനുറ്റ് വൈകിയാണ് അർജൻറീന-കൊളംബിയ ഫൈനല്‍ ആരംഭിച്ചത്.