മെയ് 1 മുതൽ സിഗരറ്റ് വില 17% വരെ ഉയർന്നേക്കും
രാജ്യത്ത് മെയ് ഒന്ന് മുതൽ സിഗരറ്റ് വിലയിൽ വർദ്ധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. പ്രമുഖ നിർമ്മാതാക്കളായ ഐടിസി ലിമിറ്റഡും ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യ ലിമിറ്റഡും തങ്ങളുടെ വിവിധ ബ്രാൻഡുകൾക്ക് ഏകദേശം 17% വരെ വില വർദ്ധിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഫെബ്രുവരിയിൽ സർക്കാർ എക്സൈസ് തീരുവ ഉയർത്തിയതിന് പിന്നാലെ കമ്പനികൾ നടത്തുന്ന രണ്ടാമത്തെ വില പരിഷ്കരണമാണിത്. വിതരണക്കാരുമായുള്ള ചർച്ചകളെ അടിസ്ഥാനമാക്കി എൻഡിടിവി പ്രോഫിറ്റാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
ഗോൾഡ് ഫ്ലേക്ക് പ്രീമിയം, ക്ലാസിക്, ഗോൾഡ് ഫ്ലേക്ക് കിംഗ്സ്, മാൾബോറോ തുടങ്ങിയ പ്രീമിയം ബ്രാൻഡുകൾക്കാണ് പ്രധാനമായും വില കൂടുക. റിപ്പോർട്ടുകൾ പ്രകാരം, 115 രൂപ വിലയുണ്ടായിരുന്ന ഗോൾഡ് ഫ്ലേക്ക് പ്രീമിയം പാക്കറ്റിന് 135 രൂപയോളം നൽകേണ്ടി വരും. കിംഗ്-സൈസ് വിഭാഗത്തിൽ ഓരോ സിഗരറ്റിനും നിലവിലുള്ള 20 രൂപയിൽ നിന്ന് 25 മുതൽ 28 രൂപ വരെയാകാൻ സാധ്യതയുണ്ട്. നികുതി വർദ്ധനവ് മൂലമുള്ള അധിക ബാധ്യത നികത്താനും ലാഭം നിലനിർത്താനുമാണ് കമ്പനികൾ വീണ്ടും വില കൂട്ടാൻ തീരുമാനിച്ചത്.