മുഖ്യമന്ത്രി പ്രഖ്യാപനം: നിർണ്ണായക ചർച്ചകൾ പുരോഗമിക്കുന്നു; ‘വെളുത്ത പുക’ പ്രതീക്ഷിക്കാമെന്ന് സണ്ണി ജോസഫ്
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണ്ണായക ചർച്ചകൾ ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വസതിയിൽ പുരോഗമിക്കുന്നു. ഹൈക്കമാൻഡ് പ്രതിനിധികളും കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളും കൂടിക്കാഴ്ചയ്ക്കായി എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇന്ന് തന്നെ ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നും ‘വെളുത്ത പുക’ പ്രതീക്ഷിക്കാമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാത്രിയോടെ ഡൽഹിയിൽ എത്തുന്നതോടെ പ്രഖ്യാപനത്തിന് വഴിതെളിയുമെന്നാണ് സൂചന.
സുപ്രധാനമായ തീരുമാനമെടുക്കുന്നതിന് മുൻപായി മുൻ കെപിസിസി പ്രസിഡന്റുമാരുടെയും വർക്കിംഗ് പ്രസിഡന്റുമാരുടെയും അഭിപ്രായം തേടാനാണ് ഹൈക്കമാൻഡ് നീക്കം. യുഡിഎഫിന് ജനങ്ങൾ നൽകിയ വലിയ വിജയത്തിന് അനുയോജ്യമായ രീതിയിലുള്ള തീരുമാനമായിരിക്കും ഉണ്ടാകുകയെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ മുൻകാലങ്ങളിലും സ്വാഭാവികമായ കാലതാമസം ഉണ്ടായിട്ടുണ്ടെന്നും നിലവിൽ മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും എ.പി. അനിൽകുമാർ അഭിപ്രായപ്പെട്ടു.
അതേസമയം, പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകുമോ എന്ന കാര്യത്തിൽ നേതാക്കൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ചർച്ചകൾ അവസാന ഘട്ടത്തിലാണെങ്കിലും സുപ്രധാനമായ ഒരു യോഗം കൂടി പൂർത്തിയാക്കാനുണ്ടെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി.