കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

Apr 3, 2025 - 12:04
Apr 3, 2025 - 12:06
 0  3
കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയതിൽ  രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി വിപ്ലവഗാനം പാടിയതിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇത്തരം കാര്യങ്ങൾക്കല്ല ക്ഷേത്ര പരിസരമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഉത്സവം കൂടാനാണ് ക്ഷേത്രത്തിൽ ഭക്തർ എത്തുന്നതെന്ന് പറഞ്ഞ ഹൈക്കോടതി ക്ഷേത്രത്തിലെ സ്റ്റേജ് – ലൈറ്റ് സംവിധാനങ്ങൾക്ക് എത്ര രൂപ ചെലവഴിച്ചുവെന്നും  ചോദിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തോ എന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.

സ്‌പോൺസർഷിപ്പ് അംഗീകരിക്കാനാവില്ല. പിരിച്ച പണം മുഴുവൻ ക്ഷേത്രത്തിന്റെ അക്കൗണ്ടിൽ എത്തണം എന്നും ഹെെക്കോടതി പറഞ്ഞു. സംഭവത്തിൽ കേസെടുക്കാത്തതിൽ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ വിശദീകരണം നൽകണം. അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പരിപാടിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

ആസ്വാദകർ ആവശ്യപ്പെട്ടതനുസരിച്ചാണ് വ്യത്യസ്ത പാട്ടുകൾ അവതരിപ്പിച്ചതെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വികാസ് വിശദീകരിച്ചു. ഇങ്ങനെ ഗാനം ആലപിച്ചപ്പോൾ തന്നെ നിർത്താൻ ആവശ്യപ്പെട്ടിരുന്നു. സ്‌പോൺസർഷിപ്പിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ക്ഷേത്രപദേശക സമിതി അധ്യക്ഷൻ ഭാരവാഹിയായ വ്യാപാരി വ്യവസായി ഏരിയാ കമ്മിറ്റി ആണ് പരിപാടി സ്‌പോൺസർ ചെയ്തതെന്നും പരാതിക്കാരൻ ഹൈക്കോടതിയെ അറിയിച്ചു