ഡൽഹിയിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു; 6 പേർക്ക് പരിക്ക്

Apr 26, 2026 - 11:54
 0  5
ഡൽഹിയിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു; 6 പേർക്ക് പരിക്ക്

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന്റെ എൻജിന് തീപിടിച്ചു. ഞായറാഴ്ച പുലർച്ചെ ഡൽഹിയിൽ നിന്ന് സൂറിച്ചിലേക്ക് പുറപ്പെടാനിരുന്ന സ്വിസ് എയർ (LX 147) വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം നാല് കുട്ടികളടക്കം വിമാനത്തിലുണ്ടായിരുന്ന 232 യാത്രക്കാരും ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

റൺവേയിലൂടെ ടേക്ക് ഓഫിനായി വേഗത കൂട്ടുന്നതിനിടെ വിമാനത്തിന്റെ ഒരു എൻജിനിൽ നിന്ന് തീ ഉയരുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ പൈലറ്റ് വിമാനം റൺവേയിൽ തന്നെ നിർത്തി. തുടർന്ന് എമർജൻസി സ്ലൈഡുകൾ വഴി യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. വിമാനത്തിൽ നിന്ന് പുറത്തിറങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് ആറ് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ വിമാനത്താവളത്തിന് സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.

എൻജിൻ തകരാറിനെത്തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സ്വിസ് എയർ അധികൃതർ അറിയിച്ചു