ജനം നല്‍കിയ ഐതിഹാസിക ജയം: 2024ല്‍ ഹാട്രിക് അടിക്കുമെന്ന് നരേന്ദ്ര മോദി

ജനം നല്‍കിയ ഐതിഹാസിക ജയം:  2024ല്‍ ഹാട്രിക് അടിക്കുമെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ മൂന്നെണ്ണത്തിലും ബി ജെ പി മുന്നേറിയതിന് പിന്നാലെ ഇത് ജനം നല്‍കിയ ഐതിഹാസിക ജയമെന്ന് വിശേഷിപ്പിച്ച്‌ നരേന്ദ്ര മോദി.

ബി ജെ പിയുടെ ഡല്‍ഹി ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് വികസിത ഇന്ത്യയെന്ന ആഹ്വാനമാണ് വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പിയില്‍ വിശ്വാസം അര്‍പ്പിച്ചതിന് നന്ദിയും പ്രധാനമന്ത്രി അറിയിച്ചു. ബി ജെ പി യുടെ സദ്ഭരണത്തിന്റെ നേട്ടമാണിതെന്നും 2047 ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്നും മോദി പ്രഖ്യാപിച്ചു.

'എല്ലാ വിഭാഗവും ബി ജെ പിയെ പിന്തുണച്ചിരിക്കുന്നു. അതിനാലാണ് ഈ വിജയം സ്വന്തമാക്കാൻ കഴിഞ്ഞത്. ഇത് ജനങ്ങളുടെ കൂടെ വിജയമാണ്. വികസനമാണ് ജനങ്ങളുടെ പ്രധാന ആവശ്യം. അതിനാല്‍ തന്നെ അഴിമതി സര്‍ക്കാരുകള്‍ നിലംപൊത്തി തുടങ്ങിയിരിക്കുന്നു. 2024ല്‍ ബി ജെ പി ഹാട്രിക് അടിക്കും. ബി ജെ പി നല്‍കിയ എല്ലാ വാഗ്ദാനങ്ങള്‍ പാലിക്കും' - മോദി പറഞ്ഞു.