എംഡിഎംഎ പാക്കറ്റ് വിഴുങ്ങി യുവാവ് മരിച്ച സംഭവം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയതിനെത്തുടർന്ന് മരിച്ച കോഴിക്കോട് മൈക്കാവ് സ്വദേശി ഷാനിദിന്‍റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഷാനിദിൻ്റെ മരണം അമിതമായ അളവിൽ മയക്കുമരുന്ന് ഉപയോഗിച്ചത് മൂലമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഷാനിദിന്റെ ആന്തരികാവയവങ്ങളിൽ നിന്നും രണ്ടു പാക്കറ്റ് ലഹരിവസ്തുക്കൾ കണ്ടെത്തി. ഇതിൽ ഒരു പാക്കറ്റിൽ 9 ഗ്രാം കഞ്ചാവായിരുന്നു. രണ്ടാമത്തെ പാക്കറ്റ് പൊട്ടി ആന്തരികാവയവങ്ങളുമായി ലയിച്ചു. ഇത് ഏതു വിഭാഗത്തിൽപ്പെടുന്ന മയക്കുമരുന്നാണെന്ന് തുടർ പരിശോധനകളിലെ വ്യക്തമാകൂ.
അതേസമയം ഷാനിദിന് ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പൊലീസ് ഇടപെട്ട് ഷാനിദിന്റെ പിതാവിനെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ലഹരി വസ്തുക്കൾ അടങ്ങിയ രണ്ട് പാക്കറ്റ് താൻ വിഴുങ്ങിയതായി പിടികൂടിയ സമയത്ത് ഷാനിദ് പൊലീസിനോട് പറഞ്ഞിരുന്നു.