വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Feb 27, 2025 - 15:16
 0  3
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയുടെ  അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പാങ്ങോട് പൊലീസ്. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അഫാന്റെ അമ്മൂമ്മ സൽമാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് തീരുമാനിക്കും. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല് കേസുകൾ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്.

ആശുപത്രിയിലെ പ്രത്യേക സെല്ലിലാണ് അഫാനെ റിമാന്റ് ചെയ്തിരിക്കുന്നത്. നെടുമങ്ങാട് കോടതി രണ്ട് മജിസ്ട്രേറ്റ് പിആര്‍ അക്ഷയ ആണ് മെഡിക്കല്‍ കോളേജിലെത്തി പ്രതിയെ റിമാന്റ് ചെയ്തത്. കൊലപാതകങ്ങള്‍ക്ക് ശേഷം പ്രതി എലിവിഷം കഴിച്ചിരുന്നതായി പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് പ്രതിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ നിലവില്‍ അഫാന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കൂട്ടക്കൊലപാതകം നടന്നത്.

സല്‍മാ ബീവിയ്ക്ക് പുറമേ പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ജീവന്‍ രക്ഷപ്പെട്ടെങ്കിലും അഫാന്റെ മാതാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

സാമ്പത്തിക പ്രശ്നങ്ങളെത്തുടര്‍ന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.