മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ജാമ്യം

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ജാമ്യം

കാസര്‍ഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ജാമ്യം. കാസര്‍കോട് ജില്ലാ സെഷൻസ് കോടതിയാണ് ജ്യാമം അനുവദിച്ചത്. കേസിലെ അഞ്ചു പ്രതികള്‍ക്കും കോടതി ജാമ്യം ലഭിച്ചു.

കേസില്‍ സുരേന്ദ്രൻ അടക്കമുള്ള പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്ന ഇന്ന് ആറ് പ്രതികളും ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. വിടുതല്‍ ഹര്‍ജി പരിഗണിക്കുമ്ബോള്‍ പ്രതികള്‍ ഹാജരാകേണ്ടതില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയായിരുന്നു കോടതി നിര്‍ദ്ദേശം. കേസില്‍ ഒരിക്കല്‍ പോലും സുരേന്ദ്രൻ ഹാജരായിരുന്നില്ല. തുടര്‍ന്ന് സുരേന്ദ്രൻ അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. കേസ് അടുത്തമാസം 15ന് വീണ്ടും പരിഗണിക്കും.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പിനിടിയിലാണ് കേസിന് ആസ്പദമായ സംഭവം. മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാര്‍ത്ഥിയായ സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാൻ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ബി ജെ പി അധ്യക്ഷനെതിരായ കേസ് കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന വി രമേശനാണ്‌ കാസര്‍കോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തത്‌.