സാങ്കേതിക തകരാർ; ഡൽഹി-ഗോവ ഇൻഡിഗോ വിമാനം മുംബൈയിലിറക്കി

ന്യൂഡൽഹി: ഡൽഹി-ഗോവ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് മുംബൈയിൽ ഇറക്കി. ആകാശത്ത് വെച്ച് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് 6E 6271 ഇൻഡിഗോ വിമാനമാണ് മുംബൈയിൽ ഇറക്കിയത്. ഇന്നലെ രാത്രിയാണ് തകരാർ കണ്ടെത്തിയതിന് പിന്നാലെ വിമാനം വഴി തിരിച്ചുവിട്ടത്. 9.42-ന് വിമാനം മുംബൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. തുടർന്ന് മറ്റൊരു വിമാനത്തിൽ മുംബൈയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രക്കാരെ കൊണ്ടുപോയി.
ഇതിനിടെ അഹമ്മദാബാദ് അപകടത്തിന് പിന്നാലെ വിമാനങ്ങളിലെ പരിശോധന എയർ ഇന്ത്യ പൂർത്തിയാക്കിയിട്ടുണ്ട്. ബോയിങ് 787 വിമാനങ്ങളിലെ ഇന്ധന സ്വിച്ചുകൾ പരിശോധിച്ചു. ഇന്ധന സ്വിച്ചുകളിൽ ഒരു പ്രശ്നവും കണ്ടെത്തിയിട്ടില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
ഡിജിസിയുടെ നിർദേശപ്രകാരമാണ് വിമാനങ്ങളിലെ ഇന്ധന സ്വിച്ചുകൾ പരിശോധിച്ചത്. നേരത്തെ, എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിംഗ് 737 മാക്സ് വിമാനങ്ങളെല്ലാം പരിശോധിച്ചിരുന്നു. അവയിലൊന്നും യാതൊരു പ്രശ്നവും കണ്ടെത്തിയില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.