ഓർമയിൽ നിറഞ്ഞു നിൽക്കുന്നൊരോശാന: Mary Alex (മണിയ )

ഓർമയിൽ നിറഞ്ഞു നിൽക്കുന്നൊരോശാന: Mary Alex (മണിയ )
 2020 നവംബർ മാസത്തിൽ കോവിഡ് എന്ന ഭിതിപ്പെടുത്തുന്ന മഹാരോഗത്തിന്റെ കൊറോണ   വൈറസ് ലോകമെമ്പാടും കടന്നുവന്ന കൂട്ടത്തിൽ ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളമെന്ന കൊച്ചു സംസ്ഥാനത്തിലേക്കും വിരുന്നു വന്നു. ആരും ക്ഷണിക്കാതെ കടന്നു വന്ന ഒരുവനെ എന്താണ് വിളിക്കേണ്ടത്? വീട്ടുകാരുടെ സ്വസ്ഥതയും സ്വര്യതയും നഷ്ടപ്പെടുത്തിക്കൊണ്ട് അവൻ വീടു വീടാന്തരം കയറിയിറങ്ങി. എന്നാൽ ഇങ്ങനെയൊരു വര
ത്തൻ എത്തിയിട്ടുള്ള വിവരം രണ്ടു മൂന്നു മാസങ്ങൾക്ക്
ശേഷമാണ് കേരളത്തിലെ ജനങ്ങൾ അറിഞ്ഞതു തന്നെ .
    പിന്നെയുണ്ടായ പുകിലുകൾ ഏവർക്കും അറിവുള്ളതാണല്ലോ. പുറത്തിറങ്ങാൻ വയ്യ, അഥവാ
ഇറങ്ങിയാൽ മാസ്ക് ധരിക്കണം . ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല,അകലം പാലിക്കണം
വീട്ടിലായാലും പുറത്തായാലും. ആശുപത്രിയിൽ ആയാലും .
 ആരാധനാലയത്തിലായാലും ഒരു മീറ്റർ അകലമിട്ട് മാർക്ക്‌ ചെയ്ത് ഓരോരുത്തരും നിൽക്കണം, അല്ലെങ്കിൽ ഇരിക്കണം. അമ്പലത്തിൽ കൃത്യ സമയം പാലിക്കേണ്ടതില്ലല്ലോ അതു കൊണ്ട് പല സമയത്തായി ആൾക്കാർക്ക് പോയി തൊഴുതു മടങ്ങാം.മാർക്ക് ചെയ്ത് ആൾക്കാരെ നിർത്തുന്ന പ്രശ്നം ഉദിക്കുന്നില്ല.ചെറിയതോ വലിയതോ ആയ ചടങ്ങുകൾക്ക് ഇത്ര ആളുകൾ എന്നുള്ള നിബന്ധനകൾ. പാലിച്ചില്ലെങ്കിൽ ഇളവില്ലാത്ത ശിക്ഷകൾ.ക്വാറ ന്റൈനും ലോക്ക് ഡൗണും, കണ്ടൈൻമെന്റ് സോണും,വിവിധ കളർ സോണുകളും എന്നു വേണ്ട  പലതും മനുഷ്യന്റെ സ്വര്യം നഷ്ട പ്പെടുത്തി .
     2021 മാർച്ച്‌ ഇരുപത്തെട്ടാം തീയതി ആ വർഷത്തെ ഓശാന ആയിരുന്നു.കൊച്ചുകുട്ടി കൾക്കും പ്രായമായവർക്കും ദേവാലയങ്ങളിൽ പോകാൻ അനുവാദമില്ല.അവരെയാണത്രെ കൊറോണക്കുഞ്ഞൻ ആദ്യം കയറിപ്പിടിക്കുക.കുഞ്ഞുങ്ങളെ വീട്ടിലിരുത്തി മാതാപിതാക്കൾ പള്ളിയിൽ പോകുമോ?പോകാൻ സാധിക്കുമോ?
      ആദ്യമായി ഒരു ഓശാനയ്ക്ക് പള്ളിയിൽ പോകാനാകാതെ വീട്ടിലിരിക്കുക. അഞ്ചു പേർക്കാണ് അനുവാദമെങ്കിൽ പുരോഹിതനും ശുശ്രൂഷക്കാരു മായി അഞ്ചുപേർ മദ്ബഹയിൽ തന്നെ ഉണ്ടാവും. ആളുകൾ നിൽക്കേണ്ടിടത്ത് ആളില്ലാതെ വരിക. പിന്നെന്തു ശുശ്രൂഷ? ആർക്കുവേണ്ടി? ക്രിസ്തു കഴുത പ്പുറത്തു കയറി യെരുശലേം നഗരം ചുറ്റിയതിന്റ ഓർമ്മ, അവനു കടന്നുപോകാൻ വഴിനീളെ പൂക്കൾ വാരി വിതറി, വിരികളും ഈന്തപ്പനയോലകളും നിരത്തി,എതിരേൽക്കാൻ കുരുത്തോലയും ഒലിവു ശിഖരങ്ങളും കയ്യിൽ പിടിച്ച്‌ ആർത്തു വിളിച്ചു നിന്നതിന്റ ഓർമ്മയ്ക്കായി കുരുത്തോല പിടിച്ച് ആളുകളും,ചുവന്ന മേക്കട്ടിക്കീഴിൽ പുരോഹിതനും ശുശ്രൂഷക്കാരും പള്ളിക്കു ചുറ്റും പ്രദക്ഷിണം വച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തി ആ അവസരങ്ങളിലെല്ലാം പൂക്കൾ വാരി വിതറി ദാവീദാൽമജനോ ശാന എന്ന് ആരവം മുഴക്കുന്ന മഹത്തായ ശുശ്രൂഷ. .അങ്ങനെ ഒരു ദിവസം പള്ളിയിൽ പോകാൻ ഒക്കാതെ വരിക, അല്ലെങ്കിൽ പള്ളിയിൽ ആ ശുശ്രൂഷ നടത്താനാകാതെ വരിക.ഹോ ! ഓർക്കാൻ കൂടി വയ്യ. റ്റി വി യിൽ ഓൺലൈനിൽ കാണുക തന്നെ ശരണം എന്നു കരുതി, റ്റി വി ക്കു മുന്നിൽ ഹാജരായി കാത്തിരുന്നു.
        മണർകാട് പള്ളിയുടെ ഓശാന ശുശ്രൂഷ.മനസ്സിൽ ഏറിയ ദുഃഖഭാരത്തോടെ റ്റി വി യിൽ കണ്ണുനട്ടിരുന്ന്‌ ആ ശുശ്രൂഷ ആദ്യന്തം കണ്ടു.ഓശാന
ശുശ്രൂഷയിൽ അതിപ്രധാനം കുരുത്തോല കയ്യിൽ പിടിച്ച് പള്ളിക്കു ചുറ്റുമുള്ള പ്രദക്ഷിണവും പിന്നെ അതു തിരികെ വാങ്ങി വച്ച്, ഒരു കുരുത്തോലക്കെട്ട് നടുവിൽ കുരുത്തോല കൊണ്ടുതന്നെ കുരിശും ഉള്ളത് കയ്യിൽ പിടിച്ച് പുരോഹിതൻ മദ് ബഹയിൽ നാലു ദിക്കിലും വാഴ് വു നടത്തി ,വാഴ്ത്തിയ കുരുത്തോല ഈരണ്ടു വീതം മദ്ബഹയിലും താഴെയുമുള്ള ഒരോ ത്രോണോസിലും,കുരിശിന്റെ ഇരു വശത്തും,നോമ്പിന്റെ പാതി ബുധനിൽ,മോശ നെബോ പർവതത്തിൽ പിച്ചള സർപ്പത്തെ നാട്ടിയതിന്റെ  ഓർമ്മയ്ക്കായി പള്ളിയുടെ നടുവിൽ സ്ഥാപിക്കുന്ന  കുരിശിലും (ഗോൽഗോദ )വച്ചതിനു ശേഷം ഓരോന്നായി ഓരോരുത്തർക്കും നൽകുന്ന,വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ശുശ്രൂഷ .
     കൊച്ചു പ്രായത്തിൽ പലരും പറഞ്ഞുകേട്ട അറിവ്, ഓലയിൽ വെട്ടുപാടോ കേടോ ഉണ്ടെങ്കിൽ പരീക്ഷക്ക് തോൽക്കുമത്രേ. കിട്ടുന്ന കുരുത്തോല തിരിച്ചും മറിച്ചും നോക്കും. പരീക്ഷാ പ്രായം കഴിഞ്ഞപ്പോൾ ജോലിക്കാര്യം, വിവാഹക്കാര്യം. കുടുംബം അതും ഒരുവിധം ഒതുങ്ങിയപ്പോൾ രോഗം എന്ന ചിന്ത. അങ്ങനെ  അടുത്ത ഓശാന വരെയുള്ള ഒരു വർഷത്തെ അവനവന്റെ പ്രായത്തിന് അനുസരിച്ച ചിന്താക്കുഴപ്പങ്ങൾക്ക് ഒരു സമാധാനദായകനായി മാറിയിരുന്നു ഓശാനയ്ക്കു കിട്ടുന്ന കുരുത്തോല.ആ കുരുത്തോല ആണ് ഇന്ന് ലഭിക്കാതെ പോകുന്നത്. കഷ്ടം!നേരത്തെ ആ പള്ളിയിലുള്ള ആരോടെങ്കിലും പറഞ്ഞു വയ്ക്കേണ്ടതായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടുമോ?
        റ്റി വിയിൽ കുർബാന തീരുന്നു. പള്ളിക്കുള്ളിൽ ഉള്ളവരെ കാണിക്കുന്നതേയില്ല. പറഞ്ഞിരിക്കുന്നതിൽ കൂടുതലാളുണ്ടെങ്കിൽ ശിക്ഷാർഹമാണല്ലോ അതാവും മന:പ്പൂർവം അങ്ങോട്ടു ചാനൽ തിരിക്കാത്തത്. എങ്കിലും മന:ക്കണ്ണാൽ കണ്ടു.ആൾക്കാർ രണ്ടു കയ്കൊണ്ടും ഓല വാങ്ങി വളരെ ഭക്തിപുരസ്സരം മുഖത്തു ചേർത്ത് വണങ്ങുന്നതും ആളുകൾ ഓരോരുത്തരും അതും പിടിച്ചു നിൽക്കുന്നതും കുർബാന തീർന്നു കൈ മുത്തി സമാധാനത്തോടെ ഇറങ്ങിപ്പോ കുന്നതും.അതോർത്തപ്പോൾ മനസ്സിൽ ഒരു വിങ്ങൽ.
  ദൈവമേ ഒരു കുരുത്തോല കിട്ടാൻ എന്താണ്‌ മാർഗ്ഗം ?  ഒപ്പമിരുന്ന്‌ ശുശ്രൂഷ കാണുന്ന ഭർത്താവിനോട് പറയുകയും ചെയ്തു.
"നല്ലൊരു ദിവസമായിട്ട് പള്ളിയിൽ പോകാൻ പറ്റിയില്ല അപ്പോഴാ അവടെ ഒരു കുരുത്തോല."
എല്ലാ വർഷവും ദുരെയുള്ള മക്കളേയും കൊച്ചു മക്കളെ വരെയും കണക്കെടുത്തു കുരുത്തോല പള്ളിയിൽ നിന്നും എടുത്തു കൊണ്ടു വരുന്ന  തന്നോ ടാണ് അപ്പറഞ്ഞത് . അന്നും പറയുമായിരുന്നു
 'എന്തിന് ഇതെല്ലാം കൂടി, ഓരോരോ തോന്നലുകൾ.'
ഒന്നും മിണ്ടിയില്ല. അവനവന്റെ വിശ്വാസം അതല്ലേ എല്ലാം.
         പെട്ടെന്ന് ഡോർ ബെല്ലടിക്കുന്ന ശബ്ദം കേട്ടു. കതകു തുറന്നപ്പോൾ കാണുന്ന കാഴ്ച, പുമുഖത്ത് ഒരു ചെറുപ്പക്കാരൻ.കയ്യിൽ രണ്ടു കുരുത്തോലകൾ.പെട്ടെന്ന് ചിന്തിച്ചത് മുന്നിൽ നിൽക്കുന്നത് ഒരു ദൈവദൂതൻ ആണെന്നാണ്. പക്ഷെ ചിറകുകളില്ല. തലയിൽ പ്രകാശ വലയവുമില്ല.പകരം  ഹെൽമെറ്റ്‌,മുഖത്തു മാസ്ക്. അപ്പോഴാണ് മുറ്റത്തൊരു ബൈക്ക് ഇരിക്കുന്നത് ശ്രദ്ധിച്ചത്.
ആളാരെന്നു പിടികിട്ടിയില്ല. മണർകാട്ടു പള്ളിയിൽ നിന്നും ഇത്ര വേഗം ആരെങ്കിലും ഇവിടെത്തുമോ?എത്തിയാൽ ത്തന്നെ ആരായിരിക്കും? വന്നയാൾ വച്ചു നീട്ടിയ കുരുത്തോല രണ്ടു കയ്യും നീട്ടി വാങ്ങി മുഖത്തോട് ചേർക്കു മ്പോൾ ചോദിച്ചു 'മോനേ ഹെൽമെറ്റ്‌ ഒന്നു മാറ്റാമോ?മാസ്കും. ആളെ മനസ്സിലായില്ല.'
ചെറുപ്പക്കാരൻ ഹെൽമെറ്റും മാസ്കും മാറ്റിക്കൊണ്ട് പറഞ്ഞു 
'ആന്റിക്കെന്നെ മനസ്സിലായില്ലേ ഞാൻ സാബുവല്ലേ,പാപ്പച്ചന്റ മോൻ.ചക്കാലയിലെ  .'
   പള്ളിയിലെ ശുശ്രൂഷക്ക് മദ്ബഹയിൽ കയറുന്ന, സ്ഥലത്തെ സഭ വക സ്കൂളിൽ ജോലിയുള്ള ചെറുപ്പക്കാരനെ ഞങ്ങൾക്ക് നന്നായറിയാം. അപ്പൻ പാപ്പച്ചൻചേട്ടൻ ദീർഘകാലം പള്ളിയിലെ കപ്യാർ ആയിരുന്നു. സ്കൂളിലെ ജോലിക്കാരനും. പക്ഷെ മണർകാട്ടു പള്ളിയിൽ നിന്നും ആരാണ് വന്നതെന്ന ചിന്തയും സ്വന്തം പള്ളിയിൽ ഓശാന ശുശ്രൂഷ ഇല്ല എന്നുള്ള ബോധ്യവും ആണ് ആളെ മനസ്സിലാക്കാൻ പറ്റാതെ വന്നത്.   
      ഓശാനയുമായി ബന്ധപ്പെട്ടത ല്ലെങ്കിലും കോവിഡിന്റെ അതിപ്രസരത്തിനിടയിൽ നടന്ന മറ്റൊരു സംഭവവും കൂടി ഇവിടെ കുറിക്കട്ടെ. ഇടവകയിലെ ഒരമ്മച്ചിയുടെ മരണത്തിന്റെ 
നാൽപ്പതാം  ദിവസത്തെ പ്രാർത്ഥന.വേണ്ടപ്പെട്ടവർ മാത്രം സംബന്ധിച്ച് നടത്തിയ ചടങ്ങ്. പക്ഷെ ആ അമ്മച്ചിയോടു സ്നേഹമുള്ള, അമ്മച്ചിക്കു സ്നേഹമുണ്ടായിരുന്ന എല്ലാ വീടുകളിലും ആ വീട്ടിൽ നിന്നും നെയ്യപ്പം പാർസൽ ആയി എത്തി. അല്ല ആ മക്കൾ എത്തിച്ചു എന്നുള്ളതാണ്.അതുപോലെ കുരുത്തോലയും.
   പള്ളിയിൽ നിന്നു തന്നെ ഭാഗം തിരിച്ച് ഒരോ വീടുകളിലും ഓല
എത്തിക്കാൻ അച്ചന്മാരും ശുശ്രൂഷക്കാരും പള്ളിക്കമ്മറ്റിയും ചേർന്ന് തീരുമാനിച്ചതനുസരിച്ച്‌  സാബുവിനാണ് ഞങ്ങളുടെ വീട്ടിലും അടുത്ത വീടുകളിലും എത്താൻ ഇടയായത്.ആ നല്ല മനസ്സുകൾക്ക് നന്ദിയും സ്നേഹവും അർപ്പിച്ചുകൊണ്ട്  ആഗ്രഹിച്ചപോലെ കുരുത്തോല ലഭ്യമാക്കിയ ദൈവത്തെ മഹത്വ പ്പെടുത്തിക്കൊണ്ട് നിസ്സാരമെന്നു നിങ്ങൾക്കു തോന്നാവുന്ന ഈ ഓർമ്മക്കുറിപ്പ് ഇവിടെ അവസാ നിപ്പിക്കട്ടെ.
     വിശ്വസിച്ച് ആഗ്രഹിച്ചാൽ ഏതു കാര്യവും നടക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് എന്റെ ഈ ഓർമ്മക്കുറിപ്പ്.മോശവും മറ്റു ള്ളവർക്കു ബുദ്ധിമുട്ടും വരുന്ന കാര്യങ്ങളായിരിക്കരുത് എന്ന് ഊന്നി പറഞ്ഞു കൊണ്ട്  വലിയ ആഴ്ചയുടെ ധ്യാന ചിന്തകൾ എല്ലാവർക്കും നേരുന്നു.