ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗം : ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്‌ സ്റ്റേ ചെയ്ത് സുപ്രീം കോടതി

Mar 17, 2025 - 13:36
 0  4
ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗം : ഹൈക്കോടതിയുടെ  ഇടക്കാല ഉത്തരവ്‌  സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിപ്പിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി നടപടിക്കെതിരെ വിശ്വ ഗജ സമിതി നൽകിയ ഉത്തരവിലാണ് നടപടി. ആനകളുടെ സർവേ എടുക്കണം എന്നതടക്കമുള്ള നിർദേശമാണ് സ്റ്റേ ചെയ്തത്. ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമെന്ന് സുപ്രീം കോടതി പറഞ്ഞു.

ആനകളുടെ എഴുന്നെള്ളിപ്പ് സംസ്കാരത്തിന്‍റെ ഭാഗമാണെന്നും ഇത് പൂർണ്ണമായി തടയാനുള്ള നീക്കമാണെന്ന് തോന്നുന്നതായും സുപ്രീം കോടതി ജസ്റ്റിസ് നാഗരത്ന വിമർശിച്ചു. നാട്ടാന പരിപാലനവും, ഉത്സവങ്ങളിൽ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ട് ഹർജികളാണ് സുപ്രീംകോടതിയിൽ എത്തിയത്.

ഹൈക്കോടതി എടുത്ത കേസുകളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് പാറമേക്കാവ്, തിരുമ്പമ്പാടി ദേവസ്വങ്ങളാണ് ട്രാൻസ്ഫർ പെറ്റീഷൻ നൽകിയത്. കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി ഇടപെട്ടില്ല. പാറമേക്കാവ്, തിരുമ്പമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജിയിൽ നിലവിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ഹർജി പിൻവലിക്കാൻ സുപ്രീം കോടതി അനുമതിയും നൽകി. പിന്നാലെ ദേവസ്വങ്ങൾ ഹർജി പിൻവലിക്കുകയായിരുന്നു.